Latest NewsKerala

ട്രെയിന്‍ തീവയ്പ്പ്: കുഞ്ഞിന്റെ മൃതദേഹം പാളത്തിനകത്ത് കണ്ടതില്‍ സംശയം, മണിക്കൂറുകള്‍ക്ക് ശേഷവും ശരീരത്തില്‍ ചൂട്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്‌‌പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവ്യക്തത തുടരുന്നു. മൂന്ന് മൃതദേഹങ്ങളും ഏതാനും മീറ്ററുകള്‍ അകലത്തിലാണ് കിടന്നിരുന്നത്. രണ്ട് വയസുകാരി സെഹ്‌റ ബത്തൂലിന്റെ മൃതദേഹം തീവയ്‌പ്പ് നടന്ന ട്രെയിന്‍ കടന്നുപോയ അതേ പാതയിലാണെന്നത് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

കുട്ടിയുടെ മൃതദേഹം എങ്ങനെ പാളത്തിനകത്തുവന്ന് എന്നത് പൊലീസ് അന്വേഷിക്കുകയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷവും കുട്ടിയുടെ ശരീരത്തില്‍ ചൂട് നിലനിന്നിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അപകടം നടന്നപ്പോള്‍ ആദ്യം കുട്ടി മരിച്ചിരുന്നില്ലെന്നും പിറകേവന്ന ഏതെങ്കിലും ട്രെയിന്‍ ഇടിച്ചതായിരിക്കാം മരണത്തിന് കാരണമായതെന്നുമുള്ള സംശയത്തിന് ശരീരത്തിലെ ചൂട് ഇടനല്‍കുന്നു.

ട്രെയിനില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നൗഫീഖ്, റഹ്മത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ ട്രാക്കിലെ ക്രോസിംഗില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നില്ല. എല്ലാവരും പുറത്തേയ്ക്ക് വീണത് കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോയ ട്രെയിനിന്റെ വലത് വശത്തെ വാതിലിലൂടെയായിരുന്നു. നൗഫീഖ്, റഹ്മത്ത് എന്നിവരുടെ തലയില്‍ എതിര്‍വശത്തെ പാളത്തില്‍ ഇടിച്ച്‌ രക്തം വാര്‍ന്നതിന്റെ പാടുകളുണ്ട്. കാലിനേറ്റ വലിയ മുറിവില്‍ നിന്ന് രക്തം വാര്‍ന്നുപോയതാണ് സെഹ്‌റയുടെ മരണകാരണമെന്നാണ് സൂചന.

ട്രെയിനില്‍ ആക്രമണം നടത്തിയതിനുശേഷം കടന്നുകളയാനുള്ള ശ്രമത്തിനിടെ പ്രതി മൂന്നുപേരെയും പുറത്തേയ്ക്ക് തള്ളിയിട്ടതാണോയെന്ന സംശയം പൊലീസിനുണ്ട്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നതെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് കണ്ടെത്തിയത്. ഇത്രയും സമയത്തിനിടെ റെയില്‍വേ ജീവനക്കാര്‍പോലും മൃതദേഹങ്ങള്‍ കാണാത്തതും സംശയം വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button