തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി കാലോചിതമായി നിയമം ഭേദഗതി വരുത്തും. ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള നിയമമായിരിക്കുമത്. ഒപ്പം പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണം. ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ നിർമ്മാണത്തിനായുള്ള വിവിധ സംഘടനകളുടെ പ്രാഥമിക യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ സർക്കാർ എടുത്ത നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. അത്യാഹിത വിഭാഗത്തിലും മറ്റും അധിക കൂട്ടിരിപ്പുകാർ പാടില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പിലാക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്താൻ മന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപി ഉൾപ്പെടെയുള്ളവരുടെ മീറ്റിംഗും നടത്തിയിരുന്നു. പുതുതായി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാർ വിമുക്ത ഭടൻമാരായിരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ആശുപത്രികളിലെ പ്രധാന ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും നിർദേശം നൽകിയിരുന്നു.
ആശുപത്രികളിൽ സംഘർഷ സാധ്യതകളെ ലഘൂകരിക്കുകയും പ്രധാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്ന രോഗികളുടെ തീവ്രത അവരുടെ ബന്ധുക്കളെ അറിയിച്ചിരിക്കണം. ഐസിയുവിനടുത്ത് രോഗികളുടെ കൂട്ടിരുപ്പുകാരുമായി ആശയ വിനിമയം നടത്താനുള്ള സ്ഥലം കണ്ടെത്തണമെന്നും മന്ത്രി നിർദേശം നൽകി.
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ ഭേദഗതിയ്ക്കായുള്ള സർക്കാരിന്റെ പ്രവർത്തനത്തെ സംഘടനകൾ ഏകകണ്ഠമായി അഭിനന്ദിച്ചു. ശാരീരികമായ അക്രമം കൂടാതെ മാനസികമായ പീഡനവും, വാക്കുകളാലുള്ള അധിക്ഷേപവും, സോഷ്യൽ മീഡിയ അധിഷേപവും ബില്ലിൽ ഉൾക്കൊള്ളിക്കണമെന്ന് ഭൂരിഭാഗം സംഘടനകളും പറഞ്ഞു. നിയമ നിർമ്മാണം നടത്തുമ്പോൾ പൊതുജനങ്ങൾക്ക് പരാതി പറയാനുള്ള പബ്ലിക് ഫോറം കൂടി ഉണ്ടായിരിക്കണമെന്ന് ചിലർ പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, ആരോഗ്യ മേഖലയിലെ ഡോക്ടർമാരുടേയും ജീവനക്കാരുടേയും വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Read Also: പ്ലാസ്റ്റിക് കൊടുത്താൽ സ്വർണ നാണയം സമ്മാനം! പ്ലാസ്റ്റിക് നിർമ്മാർജന ക്യാമ്പയിനുമായി ഈ പഞ്ചായത്ത്
Post Your Comments