പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 114.92 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,106.44- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 38.30 പോയിന്റ് നേട്ടത്തിൽ 17,398.05-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡോയിൽ വില വർദ്ധനവ്, പണപ്പെരുപ്പ ഭീതി എന്നിവ നേരിയ തോതിൽ ഓഹരി വിപണിയെ ബാധിച്ചെങ്കിലും, സൂചികകൾ മികച്ച പ്രകടനമാണ് തുടക്കത്തിൽ തന്നെ കാഴ്ചവച്ചത്.
ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഐഷർ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് വലിയ തോതിലാണ് മുന്നേറിയത്. അതേസമയം, ബിപിസിഎൽ, അപ്പോളോ ഹോസ്പിറ്റൽസ്, അദാനി എന്റർപ്രൈസസ്, ഐടിസി, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. സെബി അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾക്കും ഇടിവ് നേരിട്ടു.
Post Your Comments