മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ഉംറ യാത്രയുടെ മറവിൽ അനധികൃതമായി കടത്താൻ ശ്രമിച്ച നാല് പേരെ ഡിആർഐയും എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അഞ്ച് കിലോ സ്വർണം ആയിരുന്നു ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. സംഘത്തിന്റെ ഫോട്ടോയും വാർത്തയായിരുന്നു.
എന്നാൽ, ഇവരുടെ ഫോട്ടോ പബ്ലിഷ് ചെയ്തതിന് മാധ്യമങ്ങളെ വിമർശിക്കുന്നവരുമുണ്ട്. നാളെ മതപ്രഭാഷണം നടത്തേണ്ടുന്ന മതപണ്ഡിതന്മാരുടെ ഫോട്ടോ ഇങ്ങനെ പരസ്യമാക്കുന്നത് എന്തിനാണെന്നും, മനസ്സിൽ വർഗീയത വെച്ച് പുലർത്തുന്നത് എന്തിനാണെന്നും ഒരു യുവാവ് കമന്റ് ചെയ്തു. ഈ കമന്റിനെ രണ്ട് രീതിയിൽ ആണ് സോഷ്യൽ മീഡിയ നോക്കി കാണുന്നത്. ചിലർ പരിഹസിക്കുമ്പോൾ മറ്റ് ചിലർ ഫോട്ടോ പരസ്യമാക്കേണ്ടതില്ലായിരുന്നു എന്നാണ് പറയുന്നത്.
Also Read:മദ്രാസ് ഐഐടിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
അതേസമയം, ഞായറാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ സൗദി അറേബ്യയിൽ നിന്നും ഉംറ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയ നാലു യാത്രക്കാരിൽ നിന്നുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. 3455 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സൂളുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. മലപ്പുറം ഊരകം മേൽമുറി സ്വദേശിയായ വെളിച്ചപ്പാട്ടിൽ ഷുഹൈബിൽ നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സ്യൂളുകളും, വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടൻ യൂനസ് അലി (34)യിൽ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സൂളുകളും കാസർക്കോട് മുലിയടുക്കം സ്വദേശിയായ അബ്ദുൽ ഖാദറി (22)ൽ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്സൂളുകളും, മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാർതൊടി മുഹമ്മദ് സുഹൈലി(24)ൽ നിന്നും 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്സ്യൂളുകളുമാണ് പിടിച്ചെടുത്തത്.
കള്ളക്കടത്ത് സംഘമാണ് ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്നതെന്നാണ് യാത്രക്കാർ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സമാനമായ രീതിയിൽ ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണകള്ളക്കടത്തു നടത്തുവാൻ ശ്രമിച്ച ഏഴു യാത്രക്കാരാണ് ഇതോടെ പിടിയിലായത്. പിടികൂടിയ ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റ് മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ് എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments