KeralaLatest NewsNews

‘സർക്കാരിനെ അപമാനിച്ചു’: ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് അഖിലയ്‌ക്കെതിരെ പ്രതികാര നടപടിയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: 41 ദിവസത്തോളം കൂലിയില്ലാതെ ജോലി ചെയ്തതിൽ മാന്യമായ രീതിയിൽ പ്രതിഷേധമറിയിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരിയോട് പ്രതികാര നടപടിയുമായി സർക്കാർ. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായർക്കെതിരെയാണ് നടപടി വന്നത്. സർക്കാരിനെയും കെ എസ് ആർ ടി സിയേയും അപകീർത്തിപെടുത്തിയെന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ കാരണമായി പറഞ്ഞിരിക്കുന്നത്. അഖിലയ്‌ക്കെതിരായ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിക്കുകയാണ് സോഷ്യൽ മീഡിയ.

നാല്‍പ്പത്തിനാല് ദിവസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. പ്രതിഷേധ സൂചകമായി ശമ്പള രഹിത സേവനം 41 ദിവസം എന്ന ബാഡ്ജ് യൂണിഫോമില്‍ കുത്തിയാണ് അഖില ജോലിയെടുത്തത്. ഇത് ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണെന്നും, ഈ ബാഡ്ജ് ധരിച്ച ജോലിയെടുക്കുന്നത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സര്‍ക്കാരിനും കോര്‍പ്പറേഷനും അവമതിപ്പുണ്ടാക്കിയെന്നുമായിരുന്നു സർക്കാരിന്റെ കണ്ടെത്തൽ. ഇത് അച്ചടക്ക ലംഘനമാണെന്ന കണ്ടെത്തലും വകുപ്പ് നടത്തിയിട്ടുണ്ട്. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ശമ്പള രഹിത സേവനം എന്ന ബാഡ്ജ് കുത്തി ജോലിയെടുക്കുന്ന അഖിലയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിമാറിയിരുന്നു. കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബലറാം ഉള്‍പ്പെടെ നിരവധി പേര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടും അഖിലയെ പിന്തുണച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു. അഖിലയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ രംഗത്തെത്തി.

സർക്കാരിനെ വിമർശിച്ചുകൊണ്ട് രഞ്ജു കിളിമാനൂർ പങ്കുവെച്ച പോസ്റ്റ്:

ജോലി ചെയ്തതിന്റെ കൂലി 41 ദിവസമായിട്ടും കിട്ടാത്തതിന് പ്രതിഷേധിച്ച (പ്രതിഷേധിച്ച രീതി ഫോട്ടോയിലുണ്ട്) വനിതാ കണ്ടക്ടർ ഗവണ്മെന്റിനെയും KSRTC യെയും അപമാനിച്ചുവെന്ന കുറ്റം ചുമത്തി സ്ഥലം മാറ്റം നൽകി. 41 ദിവസമായിട്ടും അർഹതപ്പെട്ട ശമ്പളം കൊടുക്കാത്തിരുന്നപ്പോൾ നാണം തോന്നാത്തവർക്ക് ഈ പെൺകുട്ടിയുടെ പ്രതിഷേധം കണ്ടപ്പോൾ അപകീർത്തിപ്പെടുത്തുന്നത് പോലെ തോന്നിയത്രേ…! ഒരു പെൺകുട്ടിയാണെന്ന് പോലും നോക്കാതെ, അന്നന്നു കഴിക്കാനുള്ള അന്നത്തിനു വേണ്ടിയാണവൾ പ്രതിഷേധിച്ചതെന്നു പോലും നോക്കാതെ അധികാരപ്പെട്ടവർ അവൾക്കു ശിക്ഷ വിധിച്ചു. വിചിത്രം തന്നെ……! ഭീരുക്കൾ പലതവണ തോറ്റ് നാണംകെട്ട് മരിക്കും പ്രിയ സോദരീ…. ധീരയായ അഖിലയ്ക്കൊപ്പം.

shortlink

Related Articles

Post Your Comments

Related Articles


Back to top button