കോഴിക്കോട്: നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിലെ തീ നിയന്ത്രണ വിധേയമാക്കി. ഏഴ് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തിയാണ് തീ അണച്ചത്. കടയ്ക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. രണ്ട് യൂണിറ്റുകള്‍ ഒരുമിച്ച് വെള്ളം പമ്പ് ചെയ്താണ് കടയ്ക്ക് അകത്തേക്ക് പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ പറഞ്ഞു. തീ പടരുന്നതിനൊപ്പം കടയുടെ പല ഭാഗത്തുനിന്നുള്ള ചില്ലുകള്‍ പൊട്ടിത്തെറിച്ചത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിച്ചു. ഗ്ലാസ് ചില്ലുകൊണ്ട് ഒരു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകൾ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകൾക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം.
കട രാവിലെ തുറക്കുന്നതിന് മുന്‍പായാണ് തീപിടുത്തമുണ്ടായത്. അതുകൊണ്ട് അകത്ത് ജീവനക്കാരില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതിനാല്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതകള്‍ കൂടുതലായിരുന്നു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീ പടര്‍ത്തം ഉണ്ടായത്. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീ കണ്ടത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പെട്ടെന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Post Your Comments