കല്പറ്റ: വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മാനന്തവാടി കെല്ലൂർ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതിമാരുടെ ആറ് മാസം പ്രായമുള്ള ആൺകുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. കടുത്ത ന്യുമോണിയയും വിളർച്ചയുമായി മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ച കുട്ടിയെ മരുന്ന് നൽകി പറഞ്ഞയക്കുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് കുട്ടി മരിച്ചത്.
പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ള കുട്ടിയുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിനും പട്ടികവർഗ വികസനവകുപ്പിനും ഐ.സി.ഡി.എസിനും വീഴ്ചപറ്റിയിട്ടുണ്ട്. ആരോഗ്യവകുപ്പിനു കീഴിലെ പ്രാദേശിക ആരോഗ്യപ്രവർത്തകരായ രണ്ട് നഴ്സുമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വീഴ്ചപറ്റിയെന്നാണ് പ്രാഥമിക നിഗമനമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ് പറഞ്ഞു.
വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിലും കാരാക്കാമല ഹെൽത്ത് സെന്‍ററിലും നേരത്തെ കുട്ടി ചികിത്സ തേടിയിരുന്നു. ഇവിടെയുള്ള ജീവനക്കാരും കുട്ടിയെ വേണ്ട രീതിയിൽ പരിചരിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. വീട്ടിൽ കുത്തിവെപ്പിനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരാണ് കുഞ്ഞിന്റെ ആരോഗ്യ നില കണ്ട് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിക്കണമെന്ന് കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് ട്രൈബൽ വകുപ്പ് അനുവദിച്ച ആംബുലന്‍സിൽ കുഞ്ഞിനെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
ന്യുമോണിയയും വിളർച്ചയും കാരണമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, പരിശോധനാ റിപ്പോർട്ടിൽ ഡോക്ടർ ശ്വാസകോശത്തിൽ അണുബാധയില്ലെന്ന് എഴുതിയെന്നാണ് ആരോപണം ഉയരുന്നത്. വിളർച്ച തിരിച്ചറിയാനും മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സാധിച്ചില്ല. കുഞ്ഞിന് തൂക്കക്കുറവും പോഷകാഹാരക്കുറവുമുണ്ടായിരുന്നു.
ജനനസമയത്ത് 2.25 കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞിന് മരണസമയത്ത് മൂന്ന് കിലോ തൂക്കം മാത്രമാണുണ്ടായിരുന്നത്.
ഇതോടൊപ്പം, ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെയോ, ശിശുരോഗവിദഗ്ധരുടെയോ അഭിപ്രായം തേടാതെയാണ് കുട്ടിയെ പറഞ്ഞയച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗുരുതരവീഴ്ചകൂടി പരിഗണിച്ചാണ് ഡോക്ടറെ പിരിച്ചുവിട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം തന്നെ പിരിച്ചുവിടൽ ഉത്തരവ് കൈമാറിയതായി പ്രിൻസിപ്പൽ ഡോ. കെ.കെ മുബാറക് പറഞ്ഞു.
Post Your Comments