തിരുവനന്തപുരം: സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് 110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയാണ് നിരക്ക്.
ഇത് കൂടാതെ, പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ അധികം നൽകണം. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് വില വർദ്ധിക്കുക. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. കൂടാതെ, ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും ഉള്ള മുദ്രവില 2 ശതമാനം ഉയരും.
മൈനിംഗ് ആൻഡ് ജിയോളജി മേഖലകളിൽ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ഥ വില സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം നാളെ മുതലാണ് നിലവിൽ വരിക. ഒറ്റത്തവണ ഫീസ് വർദ്ധിപ്പിച്ചതോടെ, പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ വിലയും വർദ്ധിക്കും. പുതുതായി വാങ്ങുന്ന ഇരുചക്ര വാഹനങ്ങളുടെ നികുതിയിൽ 2 ശതമാനം വരെ വർദ്ധനവാണ് ഉണ്ടാവുക. ഇതിനോടൊപ്പം തന്നെ കോർട്ട് ഫീ സ്റ്റാമ്പ് നിരക്കും, മാനനഷ്ട കേസ് ഉൾപ്പെടെയുള്ള കേസുകളുടെ കോടതി ഫീസും വർദ്ധിക്കുന്നതാണ്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയാണ് സംസ്ഥാനത്ത് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.
Post Your Comments