ബെംഗളൂരു: കർണാടകയിൽ വീണ്ടും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് എഡ്യൂപ്രസ് ഗ്രൂപ്പ് നടത്തിയ അഭിപ്രായ സർവേ ഫലം. 110 മുതൽ 120 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് സർവെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കോൺഗ്രസിന് 70 മുതൽ 80 സീറ്റുകൾ വരെ മാത്രമേ നേടാവനാകൂ എന്നും ഈ സർവെ റിപ്പോർട്ടിൽ പറയുന്നു. ജെഡിഎസിന് പരമാവധി 15 സീറ്റുകളും മറ്റുള്ളവർക്ക് നാല് മുതൽ 9 വരെ സീറ്റുകളുമാണ് എഡ്യൂപ്രസ് പ്രവചിക്കുന്നത്.
കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിക്കാണമെന്നാണ് സർവേയിലെ ഭൂരിപക്ഷ അഭിപ്രായം. സർവേയിൽ പങ്കെടുത്തവരിൽ 23 ശതമാനം പേരും യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടു. മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടറാണ് സർവേയിൽ പങ്കെടുത്തവരിൽ അടുത്ത ജനപ്രിയ നേതാവ്. 22 ശതമാനം പേർ ജഗദീഷ് ഷെട്ടാർ അടുത്ത കർണാടക മുഖ്യമന്ത്രിയാണമെന്ന് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് 20 ശതമാനം പേർ അഭിപ്രായപ്പെട്ടു.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ. ശിവകുമാർ 19 ശതമാനം വോട്ടോടെ നാലാം സ്ഥാനത്തുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻ കർണാടക മുഖ്യമന്ത്രിയും ജനതാദൾ സെക്യുലറിന്റെ മുതിർന്ന നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയെ 10 ശതമാനം പേരാണ് പിന്തുണച്ചത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് 5 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
മാർച്ച് 25മുതൽ നും 30 വരെ എഡ്യൂപ്രസ് ഗ്രൂപ്പ് സംസ്ഥാനത്തെ 50 മണ്ഡലങ്ങളിലും 183 പോളിംഗ് ബൂത്തുകളിലുമായി 18,331 പേർക്കിടയിൽ നടത്തിയ സർവേയിലാണ് ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വ്യക്തമാക്കുന്നത്. സർവേ പ്രകാരം ആകെ പോൾ ചെയ്ത വോട്ടിന്റെ 43 ശതമാനം ബിജെപിക്കും 37 ശതമാനം വോട്ട് കോൺഗ്രസിനും ലഭിക്കുമെന്ന് എഡ്യൂപ്രസ് ഗ്രൂപ്പ് ചെയർമാൻ ജോർജ് കുട്ടി വ്യക്തമാക്കി.
അതേസമയം, കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി – സി വോട്ടർ പ്രവചനം. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകളിൽ വിജയിക്കുമെന്നാണ് സർവ്വേ ഫലം. ബിജെപി 68 മുതൽ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാർട്ടിയായ ജെഡിഎസ് 23 മുതൽ 35 സീറ്റുകളിലാണ് വിജയം നേടിയേക്കുക. മറ്റുള്ളവർക്ക് പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനമുണ്ട്. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോൺഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവർ ഏഴ് ശതമാനം വോട്ട് നേടുമെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു.
Post Your Comments