രാജ്യത്ത് യുപിഐ വഴി നടക്കുന്ന ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വിപുലീകരിക്കാൻ ഒരുങ്ങി നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപഭോക്താക്കൾക്ക് യുപിഐ ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പേ, പേടിഎം, ഭാരത് പേ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്താനുള്ള സംവിധാനമാണ് വികസിപ്പിച്ചെടുക്കുന്നത്. ഓൺലൈൻ ഇടപാടുകൾ നടത്താൻ ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കുന്നവർക്ക് ഈ സംവിധാനം കൂടുതൽ പ്രയോജനപ്പെടുന്നതാണ്. യുപിഐ ആപ്പുകളുടെ പുതിയ അപ്ഡേഷനിലാണ് ഈ മാറ്റങ്ങൾ വരുത്താൻ സാധ്യത.
അടുത്തിടെ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താൻ ആർബിഐ അനുമതി നൽകിയിരുന്നു. ഇതിനെ തൊട്ടുപിന്നാലെയാണ് പുതിയ അറിയിപ്പ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ പേയ്മെന്റ് നടത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ നൽകുന്ന റിവാർഡുകളുടെയും മറ്റും ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. ഇത് രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ സ്വീകാര്യത ഇനിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. ഭാരത് പേ, കാഷ് ഫ്രീ പേയ്‌മെന്റ്‌സ്, ഗൂഗിൾ പേ, റാസോർ പേ, പേടിഎം, പിൻ ലാബ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താൻ കഴിയുക.
Post Your Comments