മധ്യപ്രദേശ് ഇൻഡോറിലെ ബെലേശ്വർ മഹാദേവ ക്ഷേത്രത്തിലെ പടിക്കിണർ ഇടിഞ്ഞുണ്ടായ അപകടത്തിലെ മരണസംഖ്യ 35 ആയി ഉയർന്നു. 18 ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആർമി, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കൂടുതലാളുകൾ കിണറിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാംനവമി ആഘോഷത്തെ തുടർന്ന് ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ് ക്ഷേത്രക്കിണർ ഇടിഞ്ഞ് അപകടമുണ്ടായത്.
അപകടത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ജില്ലാ ഭരണകൂടം കൈമാറിയിട്ടുണ്ട്. ക്ഷേത്രത്തിൽ തിരക്ക് വർദ്ധിച്ചതോടെ കൂടുതൽ ആളുകൾ കാലപ്പഴക്കമുള്ള സ്ലാബിനു മുകളിൽ കയറി നിന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, അപകടത്തെ തുടർന്ന് മധ്യപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.
Also Read: പ്രമേഹം തടയാൻ ഉലുവ വെള്ളം
Leave a Comment