മലപ്പുറം: കരിപ്പൂരില്‍ രണ്ടുകോടിയുടെ സ്വര്‍ണ വേട്ട. നാലുപേര്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും ഹാന്‍ഡ് ബാഗേജിനുള്ളിലും സോക്‌സിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഏകദേശം 2 കോടി രൂപ വില മതിക്കുന്ന സ്വർണമാണ്. മൂന്നര കിലോഗ്രാമോളമാണ് ഇതിന്റെ തൂക്കം. നാലു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഈ സ്വർണം പിടികൂടിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ജിദ്ദയില്‍നിന്നും വന്ന യാത്രക്കാരായ മലപ്പുറം സ്വദേശിയായ റഹ്മാനില്‍ (43) നിന്നും 1107 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകൾ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ പിടികൂടി. മലപ്പുറം കരുളായി സ്വദേശിയായ മുഹമ്മദ് ഉവൈസില്‍ (30) നിന്നും സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാല് ക്യാപ്സൂൾ, എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്നും വന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഉണ്ണിച്ചല്‍ മേത്തല്‍ വിജിത്തില്‍ (29) നിന്ന് 1061 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂൾ എന്നിങ്ങനെയാണ് പിടികൂടിയത്.
അതേസമയം, ഇന്നലെ ജിദ്ദയിൽ നിന്നും വന്ന കോഴിക്കോട് സ്വദേശിയിൽ നിന്നും സമാനമായ രീതിയിൽ കസ്റ്റംസ് സ്വർണം പിടികൂടിയിരുന്നു. 1123 ഗ്രാം സ്വർണമിശ്രിതം മലദ്വാരം വഴി കടത്താൻ ശ്രമിച്ച മുഹമ്മദ് യൂനസിനെ അതിവിദഗ്ധമായാണ് കസ്റ്റംസ് പിടികൂടിയത്. യൂനസ് അടുത്തിടെ ഉംറയ്ക്ക് പോയിരുന്നു. രണ്ടാഴ്ചത്തെ യാത്രയിൽ ഏകദേശം ഒരു ലക്ഷം രൂപ ചിലവായിരുന്നു. ഇതാണ് സ്വർണക്കടത്ത് സംഘം ഇയാൾക്ക് ഓഫർ ചെയ്തിരുന്നത്. പറയുന്ന സ്ഥലത്ത് സ്വർണം എത്തിച്ചാൽ ഒരു ലക്ഷം ആയിരുന്നു വാഗ്ദാനം.
ഇതോടൊപ്പം കരിപ്പൂരിൽ സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന മലപ്പുറം ഒഴുകൂര്‍ സ്വദേശിയായ ഒസ്സാന്‍കുന്നത്ത് ഷഫീഖില്‍ (27) നിന്നും ഹാന്‍ഡ് ബാഗേജിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 901 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ ദീര്‍ഘ ചതുരാകൃതിയിലുള്ള രണ്ടു പാക്കറ്റുകളും കസ്റ്റംസ് കണ്ടെടുത്തു. പിടികൂടിയ ഈ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടര്‍ നടപടികളും സ്വീകരിക്കുന്നതാണ്.
Post Your Comments