Life Style

കുട്ടികളിലെ അമിത വണ്ണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

അമിതവണ്ണം പലവിധത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം വ്യക്തികളെ നയിക്കാം. വണ്ണമുള്ള എല്ലാവരിലും നിര്‍ബന്ധമായും ആരോഗ്യപ്രശ്‌നങ്ങള്‍ കാണുമെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മറിച്ച് വണ്ണമുള്ളവരില്‍ പല ശാരീരികപ്രയാസങ്ങളും അസുഖങ്ങളും വന്നെത്താനുള്ള സാധ്യത കൂടുതലാണെന്നതാണ്.

മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും അമിതവണ്ണം പല പ്രശ്‌നങ്ങളും സൃഷ്ടിക്കാം. കുട്ടികളിലാകുമ്പോള്‍ അത് ഏറെയും മാനസി- സാമൂഹികപ്രശ്‌നമായാണ് നിലനില്‍ക്കുക. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ മാതാപിതാക്കളുടെ ശ്രദ്ധ കൃത്യമായും എത്തിയിരിക്കണം.

കുട്ടികളെ വൈകാരികമായി ബാധിക്കുന്നത്…

അമിതവണ്ണമുള്ള കുട്ടികളില്‍ ഇതുമായി ബന്ധപ്പെട്ട് പല തോതില്‍ വൈകാരികപ്രശ്‌നങ്ങള്‍ കാണാം. സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷത, വിഷാദം, ഉത്കണ്ഠ എന്നിവയെല്ലാം ഇങ്ങനെ വരാവുന്നതാണ്. തങ്ങളുടെ സമകാലികരുടെ ഇടയില്‍ തങ്ങളെ പ്രത്യേകമായി എടുത്തുകാണിക്കുന്നത് ഇവരെ മോശമായി ബാധിക്കാം. അതുപോലെ പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഇവരെ ബാധിക്കുന്നു.

കൂട്ടുകാര്‍ പലവിധത്തിലുള്ള കായിക- കലാപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പലപ്പോഴും ഇത്തരത്തില്‍ വണ്ണമുള്ള കുട്ടികള്‍ മാറ്റിനിര്‍ത്തപ്പെടാറുണ്ട്. ഇതെല്ലാം കുഞ്ഞുമനസുകളെ വലിയ രീതിയില്‍ തന്നെ മുറിപ്പെടുത്താം.

അനാരോഗ്യകരമായ ഭക്ഷണരീതിയും കുട്ടികളുടെ വൈകാരികാവസ്ഥയെ ബാധിക്കാം. ജങ്ക് ഫുഡ് ഇതിന് ഉത്തമ ഉദാഹരണമാണ്. ജങ്ക് ഫുഡ് കൂടുതല്‍- അല്ലെങ്കില്‍ പതിവായി കഴിക്കുന്നവരില്‍ ഇത് അവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സമൂഹികാരോഗ്യത്തെയും ബാധിക്കുന്നു…

അമിതവണ്ണമുള്ള കുട്ടികള്‍ ഇതിന്റെ പേരില്‍ പരിഹസിക്കപ്പെടുകയോ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യുമ്പോള്‍ ഒരു വ്യക്തി എന്ന നിലയില്‍ മാത്രമല്ല, സമൂഹത്തിന്റെ ഭാഗം എന്ന നിലയിലും ഉള്‍വലിഞ്ഞ് കാണപ്പെടാം. സമൂഹികമായ കാര്യങ്ങളില്‍ നിന്നെല്ലാം ഇവര്‍ മാറിനില്‍ക്കാം. പഠനത്തെയും കരിയറിനെയുമെല്ലാം ഇത് പ്രതികൂലമായി ബാധിക്കാം.

മാതാപിതാക്കള്‍ ചെയ്യേണ്ടത്…

അമിതവണ്ണമുള്ള കുട്ടികളില്‍ മുകളില്‍ പറഞ്ഞത് പോലുള്ള പ്രശ്‌നങ്ങളെല്ലാം വരാം എന്നതിനാല്‍ തന്നെ മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനം കുട്ടികളുടെ ചെറിയ പോസിറ്റീവ് വശങ്ങളെ പോലും അഭിനന്ദിച്ച് അവരില്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടാക്കുകയെന്നതാണ്. ഇത് മാതാപിതാക്കളോളം ചെയ്യാന്‍ മറ്റാര്‍ക്കുമാവില്ലെന്നും പറയാം.

ഇതോടൊപ്പം തന്നെ കുട്ടികളെ പോസിറ്റീവായി സ്വാധീനിക്കുന്ന സുഹൃത്തുക്കള്‍, മെന്റര്‍മാര്‍ തുടങ്ങി നല്ലൊരു ചുറ്റുപാടും ബന്ധങ്ങളും കുട്ടിക്ക് ഉണ്ടാക്കിക്കൊടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

കുട്ടികളെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിലേക്കും മാതാപിതാക്കള്‍ പരമാവധി പ്രോത്സാഹിപ്പിക്കണം. ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, കായികവിനോദങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രേരിപ്പിക്കണം. പ്രേരണ മാത്രമല്ല- അവരുടെ ഏറ്റവും മികച്ച റോള്‍ മോഡലാകാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button