
കൊല്ലം: കൊല്ലത്ത് ഡ്രൈവിങ് പഠിക്കാൻ എത്തിയ യുവതിക്ക് പരിശീലകയായ യുവതിയിൽ നിന്ന് ക്രൂരമർദ്ദനം. കൊല്ലം പള്ളിമുക്ക് സ്വദേശിനിയായ ഷൈമയാണ് പഠനത്തിന് എത്തിയ യുവതിയെ ക്രൂരമായി മർദ്ദിച്ചത്. ക്രൂരമായി മർദ്ദിച്ച ശേഷം സംഭവം പുറത്തു പറഞ്ഞാൽ ലൈസൻസ് കിട്ടാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു.
കഴിഞ്ഞദിവസം യുവതിയുടെ ഉമ്മ യുവതിയുടെ ദേഹത്തെ മർദനപാടുകൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡ്രൈവിങ് പരിശീലനത്തിൽ വീഴ്ച്ചകൾ വരുത്തിയത് കൊണ്ടാണ് ഷൈമ പ്രകോപിതയായത്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ആശ്രാമം മൈതാനത്ത് വച്ച് വാഹനം നന്നായി ഓടിക്കാത്തതിൽ പ്രകോപിതയാവുകയും തുടർന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.
നെഞ്ചില്‍ ഉള്‍പ്പെടെ യുവതിക്ക് മർദ്ദനമേറ്റിട്ടുണ്ട്. ഇതേ തുടർന്ന് യുവതിയുടെ ബന്ധുക്കൾ യുവതിയെ കണ്ട് സംസാരിച്ചിരുന്നു. എന്നാൽ, മന്ത്രി ചിഞ്ചുറാണിയെ അടക്കം താൻ ആണ് ഡ്രൈവിങ് പഠിപ്പിച്ചത് എന്നും അതുകൊണ്ട് നിങ്ങളെ കൊണ്ട് യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും ആയിരുന്നു ഇവരുടെ വെല്ലുവിളി.
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ കുടുംബം പരാതി നൽകിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഷൈമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണ്. പൊലീസ് ചോദ്യം ചെയ്യലിൽ മർദ്ദിച്ചു എന്ന കാര്യം അവർ സമ്മതിച്ചിട്ടുണ്ട്. തനിക്ക് ഡിപ്രഷൻ ഉണ്ടായതു കൊണ്ടാണ് ഇത്തരത്തിൽ ഉണ്ടായത് എന്നാണ് ഷൈമ പറിഞ്ഞിരിക്കുന്നത്.
മർദനത്തിന് ഇരയായ യുവതിയുടെ മോഴി രേഖപ്പെടുത്തിയ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. മർദ്ദനം നടന്ന വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും.
Post Your Comments