KeralaLatest NewsNews

അനുമോളെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച്, ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പിൻവാങ്ങിയെന്ന് ബിജേഷ്

ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് ഭർത്താവ് ബിജേഷ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന് ബിജേഷിന്റെ മൊഴി. കാഞ്ചിയാ‌‍ർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഹാളിലെ കസേരയിൽ ഇരുന്ന അനുമോളെ പിന്നിലൂടെ എത്തി ഷാൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചു.

പിന്നീട് കട്ടിലിൽ കിടന്നുകൊണ്ട് ചുരിദാറിന്റെ ഷാൾ ജനൽ കമ്പിയിൽ കെട്ടി കഴുത്തിൽ മുറുക്കി ആത്മഹത്യ ചെയ്യാൻ ബിജേഷ് ശ്രമിച്ചെങ്കിലും പിന്നീട് പിൻവാങ്ങിയെന്നും ഇയാള്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിൻറെ ഭാര്യ അനുമോളെ വീട്ടിലെ കട്ടിലിനടിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ബിജേഷ് വീട്ടിലെ കാര്യങ്ങൾ നോക്കാതെ പണം ധൂർത്തടിക്കുന്നതും മദ്യപിച്ചു വഴക്കിടുന്നതും കാണിച്ച് അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതും, സ്‌കൂളിലെ വിദ്യാർഥികളിൽ നിന്ന് പിരിച്ച ഫീസ് തുകയായ 10,000 രൂപ ബിജേഷ് വാങ്ങിയത് തിരികെ കൊടുക്കാത്തതു സംബന്ധിച്ചുള്ള തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനുമോൾ നൽകിയ പരാതിയിൽ മാർച്ച് 12 ന് രണ്ടു പേരെയും വനിതാ സെല്ലിൽ വിളിപ്പിച്ചിരുന്നു.

എന്നാൽ ഒന്നിച്ചു ജീവിക്കാനില്ലെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. അതിനു ശേഷം ബിജേഷ് വെങ്ങാലൂർക്കടയിലെ സ്വന്തം വീട്ടിലേക്ക് പോയി. രണ്ടു ദിവസത്തിനു ശേഷം അനുമോൾ ബന്ധുവീട്ടിലേക്കും പോയി. 17ന് പകൽ ബിജേഷും വൈകിട്ട് ഏഴോടെ അനുമോളും പേഴുംകണ്ടത്തെ വീട്ടിൽ മടങ്ങിയെത്തി. തുടർന്ന് കേസിന്റെയും പണത്തിന്റെയും കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ, അനുമോളെ ബിജേഷ് ശ്വാസം മുട്ടിച്ചു. പിന്നീട് കട്ടിലിൽ കിടന്നുകൊണ്ട് ചുരിദാറിന്റെ ഷാൾ ജനൽ കമ്പിയിൽ കെട്ടി കഴുത്തിൽ മുറുക്കി ആത്മഹത്യ ചെയ്യാൻ ബിജേഷ് ശ്രമിച്ചെങ്കിലും പിന്നീട് പിൻവാങ്ങി. സ്വയം കൈത്തണ്ട മുറിക്കാനും ശ്രമിച്ചു. തൊട്ടടുത്ത മുറിയിൽ ഇവരുടെ അഞ്ചുവയസുള്ള മകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ബിജേഷ് ഇതെല്ലാം ചെയ്തത്.

അഞ്ച് ദിവസത്തോളം തമിഴ്‌നാട്ടിൽ തൃച്ചി ഉൾപ്പെടെയുള്ള തങ്ങിയ ബിജേഷ് തിരികെ കുമളിയിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. പ്രതിയുമായി വീട്ടിലെത്തി അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. അനുമോളുടെ മോതിരവും ചെയിനും പണയം വച്ച് ധനകാര്യ സ്ഥാപനത്തിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി.

shortlink

Related Articles

Post Your Comments


Back to top button