KeralaLatest NewsNews

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻഡിഎക്ക് വിശ്രമമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

Read Also: ഉണ്ണിക്കുട്ടന്റെ ലോകം: ഇൻസ്റ്റഗ്രാം വഴി മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് അറസ്റ്റിൽ

കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണ്. രാഹുൽ ഗാന്ധി അയോഗ്യനായതോടെ രാജ്യത്തെ എല്ലാ അഴിമതി കേസുകളിലെയും പ്രതികൾ ഒന്നിച്ചിരിക്കുകയാണ്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപിയല്ലെന്ന് അവർക്കെല്ലാം അറിയാം. പക്ഷെ, തങ്ങളുടെ അഴിമതി കേസുകളെ പ്രതിരോധിക്കാൻ മോദിയാണ് രാഹുലിന്റെ എംപി സ്ഥാനം ഇല്ലാതാക്കിയതെന്ന പ്രചരണം നടത്തുകയാണ് അവർ. രാഹുൽഗാന്ധിയെ മുന്നിൽ നിർത്തി കള്ളൻമാരുടെ ഘോഷയാത്രയാണ് ഇപ്പോൾ നടക്കുന്നത്. സിപിഎമ്മും കോൺഗ്രസും ചേർന്നിട്ടും ബിജെപിയെ തോൽപ്പിക്കാൻ വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സാധിച്ചില്ല. കേരളത്തിലും ഭാവിയിൽ ഇരുകൂട്ടരെയും ബിജെപി തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് മാലിന്യ നിർമ്മാർജ്ജന പദ്ധതികളിലെല്ലാം വലിയ അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയാണ് ബ്രഹ്മപുരത്ത് സോൺട കമ്പനിക്ക് കരാർ കൊടുത്തത്. വിഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ട്. ഭരണ-പ്രതിപക്ഷങ്ങൾ കൊള്ള മുതൽ പങ്കുവെക്കുകയാണ്. ഭരണകക്ഷിയിലെ നേതാവിന് കരാറും പ്രതിപക്ഷ പാർട്ടിയിലെ നേതാവിന് ഉപകരാറും കിട്ടുന്ന സംസ്ഥാനമാണ് കേരളം. ഈ അഴിമതിയുടെ ദുരന്തഫലമാണ് വിഷപ്പുക ശ്വസിക്കലും, ലോക്കപ്പ് മരണങ്ങളും. ആയിരം കോടി രൂപ പിരിച്ചെടുക്കാനുള്ള മോട്ടോർവാഹന വകുപ്പിന്റെ സർക്കുലറാണ് തൃപ്പൂണിത്തുറ ലോക്കപ്പ് മരണത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടതുപക്ഷത്തിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ല. തലശ്ശേരി ബിഷപ്പ് ഒരു പ്രസ്താവന ഇറക്കിയപ്പോഴേക്കും കരയുന്ന സിപിഎം-കോൺഗ്രസ് നേതാക്കൾ ഇനിയും കുറേ കരയേണ്ടി വരും. പല സഭകളും ഇടത്-വലത് മുന്നണികൾക്കെതിരെ രംഗത്ത് വരും. തൊഴിലുറപ്പ് പദ്ധതിക്ക് പണം കൊടുക്കുന്നത് മോദിയാണെങ്കിലും അവരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പിണറായി വിജയൻ. തൊഴിലുറപ്പ് കൂലി, അംഗനവാടി അദ്ധ്യാപകരുടെ കൂലി, ആശാവർക്കർമാരുടെ കൂലി എല്ലാം വർദ്ധിപ്പിച്ചത് മോദി സർക്കാരാണ്. എന്നാൽ കേരളത്തിൽ യുവാക്കളെ നാടുവിടാൻ പ്രേരിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്രം 10 ലക്ഷം തൊഴിൽ അവസരങ്ങൾ കൊടുക്കുമ്പോൾ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. എൻഡിഎയ്ക്ക് അല്ലാതെ ആർക്കും കേരളത്തെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഇന്ത്യയിലെ ഹൈവേകളും റോഡുകളും രണ്ട് വര്‍ഷത്തിനുള്ളില്‍ അമേരിക്കയുടേതിന് സമാനമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button