തിരുവനന്തപുരം: സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നര വർഷമായി ഒളിവിലായിരുന്ന പ്രധാന പ്രതി അറസ്റ്റിൽ. മണക്കാട് ആറ്റുകാൽ വാർഡിൽ കീഴമ്പ് ലെയ്നിൽ നിന്ന് നേമം പൊന്നുമംഗലം യു.പി.എസിന് സമീപം താമസം വിഷ്ണു(26)വിനെയാണ് അറസ്റ്റ് ചെയ്തത്. പൂന്തുറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2021-ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. നാലംഗ സംഘം വീട് കയറി കമ്പിവടി, വെട്ടുകത്തി, മൺവെട്ടി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേൽക്കുകയും വീടിന് നാശനഷ്ടം വരുകയും ചെയ്തിരുന്നു. പ്രതികൾക്ക് ഇവരുടെ മക്കളോടുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവശേഷം ഒളിവിൽ പോയ വിഷ്ണുവിനെ പ്രത്യേക സംഘം രൂപവത്കരിച്ചാണ് എറണാകുളം കാക്കനാട് ഭാഗത്തുനിന്ന് പൊലീസ് പിടികൂടിയത്. നാലംഗ ആക്രമണ സംഘത്തിലെ മൂന്നുപേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശപ്രകാരം പൂന്തുറ എസ്.എച്ച്.ഒ പ്രദീപ്, എസ്.ഐമാരായ അരുൺകുമാർ, ജയപ്രകാശ്, എസ്.സി.പി.ഒ ബിജു ആർ. നായർ, സി.പി.ഒമാരായ കൃഷ്ണകുമാർ, ദിപു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments