കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം. ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍. പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമർപ്പിക്കുന്ന രാപ്പകലുകളാണ് ഇനി. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമായി ഓരോ വിശ്വാസിയും മുപ്പത് നാള്‍ ഇനി പ്രാർഥനയുടെ തിരക്കുകളിലലിയും.
റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാന്‍ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്. ഒമാന്‍ ഇക്കാര്യത്തിൽ ഇന്നലെ അറിയിപ്പ് ഒന്നും നൽകിയിരുന്നില്ല.
ഒമാന്‍റെ കാര്യത്തിലും അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. സത്കർമങ്ങൾക്ക് മറ്റുമാസങ്ങളെക്കാൾ റംസാനിൽ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധർമങ്ങൾക്ക് റംസാനിൽ ഏറെ പ്രാധാന്യം നൽകുന്നു. അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായ രാവുകളാണ്.
Post Your Comments