കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡന പരാതിയിൽ യുവതിയുടെ രഹസ്യ മൊഴിയെടുക്കും.സംഭവത്തില്‍ ശാസ്ത്രീയ പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെ 15 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ വസ്ത്രങ്ങൾ സ്ഥാനം മാറിക്കിടക്കുന്നതുകണ്ട് അറ്റൻഡറോട് ചോദിച്ചിരുന്നെന്ന് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ, ഇതിന് മറുപടിയായി യൂറിൻബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നൽകിയെന്നും തൈറോയ്ഡ് രോഗിക്ക് യൂറിൻബാഗ് ആവശ്യമില്ലെന്ന് നിങ്ങൾക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ആ സമയത്ത് ശകാരിച്ചെന്നും നഴ്സിന്റെ മൊഴിയിലുണ്ട്.
തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐസിയുവിലേക്ക് മാറ്റിയപ്പോൾ അറ്റൻഡർ ശശീന്ദ്രൻ (55) യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ സ്പർശിച്ചെന്നാണ് പരാതി. സംഭവദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും സംഭവ ദിവസമുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെയും യുവതിയുടെ ഭർത്താവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതി ശശീന്ദ്രൻ മുൻപ് ഒരു നഴ്സിനോട് അതിക്രമത്തിന് ശ്രമിച്ചിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചു.
സംഭവത്തിൽ വടകര മയ്യന്നൂർ സ്വദേശിയായ രവീന്ദ്രനെ നേരത്തേ അറസ്റ്റ് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments