റാഞ്ചി: പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. ആരോഗ്യപ്രവര്‍ത്തകയുടെ സഹായത്തോടെയാണ് യുവതി കുട്ടിയെ വില്‍പ്പന നടത്തിയത്. ഇവരുടെ കൈയില്‍ നിന്ന് പണം പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ചയാണ് റാഞ്ചിയിലെ സദര്‍ ആശുപത്രിയിൽ ആശാദേവി എന്ന യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവിച്ച് മണിക്കൂറുക്കള്‍ക്കകം ആരെയും അറിയിക്കാതെ യുവതി ആശുപത്രിയില്‍ നിന്ന് പോകുകയും കുഞ്ഞിനെ വില്‍ക്കുകയുമായിരുന്നു. ഇവരെ അന്വേഷിച്ച് നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും രംഗത്തെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആശാദേവിയുടെ വീട്ടില്‍ നിന്ന് പോലീസ് ഒരുലക്ഷം രൂപ കണ്ടെടുത്തു. യുവതിയുടെ ഭര്‍ത്താവ് ദിവസവേതനക്കാരാനാണ്.
പണത്തെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിച്ചത്ത് വന്നത്. ആരോഗ്യപ്രവര്‍ത്തകയുടെ സഹായത്തോടെയാണ് താന്‍ കുഞ്ഞിനെ വിറ്റതെന്ന് ആശാദേവി വ്യക്തമാക്കി. അരോഗ്യപ്രവര്‍ത്തകയുടെ സഹോദരന് കുഞ്ഞ് ഇല്ലെന്നും കുഞ്ഞിനെ നല്‍കിയാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞതിനെത്തുടർന്ന്, രാത്രി ആശുപത്രിയിലെത്തിയ ആള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു എന്നും യുവതി പറയുന്നു.
എന്നാല്‍, ആശാദേവിയുടെ വാക്കുകൾ നിഷേധിച്ച ആരോഗ്യപ്രവര്‍ത്തക യുവതി കളളം പറയുകയാണെന്നും വാദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments