തിരുവനന്തപുരം: ടിക്കറ്റെടുക്കാൻ നൽകിയ നോട്ട് കീറിയതാണെന്നാരോപിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ നട്ടുച്ചയ്ക്ക് റോഡിൽ ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. പാറ്റൂർ വി.വി റോഡിൽ താമസിക്കുന്ന 13 വയസുകാരനെയാണ് വനിതാ കണ്ടക്ടർ ബസിൽ നിന്നും ഇറക്കി വിട്ടത്. ടിക്കറ്റിനായി നൽകിയ 20 രൂപ നോട്ട് കീറിയതാണെന്നും വേറെ പണമില്ല ആകെ 20 രൂപയാണ് കൈയ്യിലുള്ളതെന്നും കുട്ടി കണ്ടകറോട് പറഞ്ഞിരുന്നു. തുടർന്നാണ് കണ്ടക്ടർ കുട്ടിയെ ബസിൽ നിന്നും ഇറക്കി വിട്ടതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
ആക്കുളത്തെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി പരീക്ഷ കഴിഞ്ഞ് വീട്ടിൽ പോകാൻ വേണ്ടിയാണ് കിഴക്കേക്കോട്ടയിലേയ്ക്കുള്ള സിറ്റി ഷട്ടിൽ ലോ ഫ്‌ളോർ കെഎസ്ആർടിസി ബസിൽ കയറിയത്. വളരെ കുറച്ച് യാത്രക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ടിക്കറ്റ് ചോദിച്ച് കണ്ടക്ടർ എത്തിയപ്പോൾ കൈവശമുണ്ടായിരുന്ന 20 രൂപ നോട്ട് കുട്ടി കണ്ടക്ടർക്ക് നൽകി. എന്നാൽ നോട്ടിന്റെ ഒരു വശം ചെറുതായി കീറിയത് ആണെന്നും ഇത് മാറാൻ സാധിക്കില്ല വേറെ പണം തരണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. തന്റെ പക്കൽ വേറെ പണമില്ലെന്ന് കുട്ടി മറുപടി നൽകി. കീറിയ നോട്ട് വെച്ച് ബസ്സിൽ ടിക്കറ്റ് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ കണ്ടക്ടർ വെൺപാലവട്ടത്തിന് സമീപത്ത് ബെൽ അടിച്ച് ബസ്സ് നിർത്തി കുട്ടിയെ ഇറക്കി വിടുകയായിരുന്നു.
സംഭവം വിവാദമായതോടെ വിഷയത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഇടപെട്ടു. വനിതാ കണ്ടക്ടറുടെ നടപടിക്കെതിരെ മുൻ ഗതാഗത മന്ത്രിയും എംഎൽഎയുമായ ഗണേഷ് കുമാർ രംഗത്തെത്തി. സ്വന്തം മകനാണെങ്കിൽ ഇങ്ങനെ ഇറക്കി വിടുമോ അവരെന്ന് അദ്ദേഹം ചോദിച്ചു.
Post Your Comments