
വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തിച്ച കേസിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. വെഞ്ഞാറമൂട് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വർക്കല വെണ്ണിക്കോണം ചരുവിള വീട്ടിൽ രാജ് കുമാർ (39), മണമ്പൂർ ഒറ്റൂർ വലിയ വിളവീട്ടിൽ അനിൽകുമാർ (51) എന്നിവരാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകൾ തീയിട്ട് നശിപ്പിച്ച കേസിലാണ് അറസ്റ്റ്.
വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുടമസ്ഥൻ മുരുകനും പ്രതികളിൽ ഒരാളായ അനിൽ കുമാറും വിദേശത്ത് കൂട്ടുകച്ചവടമായിരുന്നു. അവിടെവച്ചുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്ന്, ഇരുവരും ശത്രുതയിലായി. തുടർന്ന്, അനിൽ കുമാർ തന്റെ സഹായിയായ രാജ്കുമാറുമായി മുരുകന്റെ വീട്ടിൽ എത്തി കാർ കത്തിക്കുകയായിരുന്നു.
Read Also : കൂടിയോ? കുറഞ്ഞോ? ഇന്നത്തെ പെട്രോൾ- ഡീസൽ നിരക്കുകൾ അറിയാം
ആറ്റിങ്ങൽ ഡിവൈഎസ് പി ജയകുമാറിന്റെ നേതൃതത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി റാഷിദ്, വെഞ്ഞാറമൂട് സി ഐ അനൂപ് കൃഷ്ണ, എസ്ഐ ഷാൻ, ഷാജി, ഫിറോസ് ഖാൻ, എസ്സിപിഒമാരായ ദിലീപ്, അനൂപ്, സജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വർക്കല നരിക്കല്ലു മുക്കിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments