പൊന്നാനി: ആന്ധ്രയിൽ നിന്ന് വിൽപനക്കായി മലപ്പുറത്തെത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. പൊന്നാനി നരിപ്പറമ്പ് സ്വദേശികളായ തുറക്കൽ അസ്കർ (42), അയ്യപ്പൻകളത്തിൽ ആഷിക് (34), പെരുന്തല്ലൂർ സ്വദേശി കണക്കന്നൂർ സൽമാൻ (28) എന്നിവരാണ് പൊലീസ് പിടിയിലായത്.
നാലുകിലോ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്ന് ജില്ലയിൽ വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദ്ദേശപ്രകാരം പൊന്നാനി പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയറ്റൂരിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്.ഐ നവീൻ ഷാജ്, എ.എസ്.ഐ പ്രവീൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽ വിശ്വൻ, സാജുകുമാർ, ഉദയൻ സിവിൽ പൊലീസ് ഓഫീസർ സുധീഷ്, മനു, രഘു എന്നിവരും തിരൂർ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Read Also : കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി
പിടിയിലായ പ്രതികളിൽ അസ്ക്കർ പൊന്നാനി പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉള്ളയാളും മുമ്പ് മയക്കുമരുന്ന്, മോഷണ കേസിലും മാരകായുധം പിടികൂടിയ കേസിലും മറ്റും ഉൾപ്പെട്ടയാളാണ്. ആഷിക് മോഷണ കേസിൽ അസ്കറിന്റെ കൂട്ടുപ്രതിയുമാണ്.
ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരും, വിതരണക്കാരുമായ കൂടുതൽ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കും.
Post Your Comments