തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് നടത്തിയ അധിക്ഷേപം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
എൽഡിഎഫിന് ലഭിച്ച തുടർഭരണം പ്രതിപക്ഷ നേതാക്കന്മാരുടെയാകെ സമനില തെറ്റിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് അവരുടെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടാകുന്ന തരംതാണ പ്രസ്താവനകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ കയ്യാളുന്ന സ്ഥാനത്തിന്റെ പ്രാധാന്യം കെപിസിസി പ്രസിഡന്റ് തിരിച്ചറിയണം. കോൺഗ്രസ് നേതൃത്വം ശക്തമായ നടപടികൾ അദ്ദേഹത്തിനെതിരെ സ്വീകരിക്കണം. എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തതിനാലാകണം വ്യക്തി അധിക്ഷേപവുമായി പ്രതിപക്ഷ നേതാവും രംഗത്തിറങ്ങിയിട്ടുണ്ട്. മന്ത്രിമാർക്കും നേതാക്കൾക്കും എതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞ് അദ്ദേഹം സ്വയംവെളിപ്പെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
തുടർച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നതിന്റെ രോഷവും വൈരാഗ്യവും തെറി പറഞ്ഞുകൊണ്ടല്ല കോൺഗ്രസ് തീർക്കേണ്ടത്. ഈ വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്റും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അഭിപ്രായം പറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: അമിത വേഗതയിലെത്തിയ ട്രക്ക് വാഹനത്തിലേക്ക് ഇടിച്ചു കയറി: കേന്ദ്രമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Post Your Comments