തിരുവനന്തപുരം: ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിനുള്ള സന്ദർഭങ്ങൾ ശരിയായവിധം ഉപയോഗിക്കാൻ പ്രതിപക്ഷം തയാറാകണമെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭയിൽ ജനാധിപത്യപരമായി നടത്തേണ്ട പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കരുതെന്ന് മന്ത്രി പറഞ്ഞു.
Read Also: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
നിയമസഭയിൽ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയുടെ ആദ്യ ഭാഗം ബ്രഹ്മപുരത്തെ തീ അണക്കുന്നതിന് അക്ഷീണം യത്നിച്ച വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും സംവിധാനങ്ങൾക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്നതാണ്. ഇന്നലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തീ അണയ്ക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും വിവിധ സേനകൾ നടത്തിയ പ്രവർത്തനത്തെ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായുള്ള തുടർ നടപടികൾക്കു വേണ്ടിയുള്ള പരാമർശങ്ങളും കോടതി നടത്തിയിട്ടുണ്ട്. നാടിന്റെ ആകെ വികാരം എന്ന നിലയിലാണ് ബ്രഹ്മപുരത്തെ തീയണക്കാൻ അടിയന്തിര സാഹചര്യത്തിൽ നടത്തിയ പ്രവർത്തനങ്ങളെ പരാമർശിക്കുന്നത്. നിയമസഭയുടെ ഓരോ ഘട്ടങ്ങളിലും ചട്ടമനുസരിച്ച് ചോദ്യങ്ങൾ ഉന്നയിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരങ്ങൾ നൽകുന്നതിനുമുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. കൊച്ചി കോർപറേഷൻ കൗൺസിലിൽ പങ്കെടുക്കില്ല എന്ന് രേഖാമൂലം അറിയിച്ച കൗൺസിലർമാരെ തടഞ്ഞു എന്ന ആരോപണവും നിലനിൽക്കില്ല. ശ്രദ്ധക്ഷണിക്കൽ, അടിയന്തിര പ്രമേയം, സബ്മിഷൻ എന്നിങ്ങനെ വിവിധ ചർച്ചാ മാർഗങ്ങളെ ചട്ടങ്ങൾക്കനുസൃതമായാണ് സ്പീക്കർ വിനിയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആകെ പ്രശ്നമാണ് എന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ തെറ്റായ പ്രവണതയാണ്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കൃത്യമായി കേസ് രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. നിർഭയമായി നിയമനടപടികൾക്ക് സ്ത്രീ സമൂഹം തയ്യാറാകുന്നു എന്നത് കേരളത്തിന്റെ സ്ത്രീശാക്തീകരണത്തിന്റെ പ്രതിഫലനം കൂടിയാണ്. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അതിനു പോലും കഴിയാത്ത സാഹചര്യങ്ങൾ ഉണ്ട്. പ്രസ്തുത വിഷയത്തിൽ അടിയന്തിര പ്രധാന്യമില്ലാത്തതിനാലാണ് അടിയന്തിര പ്രമേയ അനുമതി സ്പീക്കർ നിഷേധിച്ചത്. ക്രിയാത്മകമായി സഭ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു : സംഭവം അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത്
Post Your Comments