കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു ആഷിഖ് അബുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവും തുടർന്നുണ്ടായ വിഷപ്പുകയും കാണാത്ത, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന, അവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ന്യായീകരിക്കുന്ന സൈബർ സഖാക്കളെയും മന്ത്രിമാരെയും അടക്കം പരിഹസിച്ചുകൊണ്ടുള്ള കുറിപ്പാണ് ആഷിഖ് അബു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
നോട്ട് നിരോധനവും മാലിന്യപ്ലാന്റിലെ തീപിടിത്തവും സംബന്ധിച്ച ന്യായീകരണങ്ങൾ ചൂണ്ടിക്കാട്ടി മാനുവല്‍ റോണി എന്നയാൾ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു ആഷിഖിന്റെ പ്രതിഷേധം. പോസ്റ്റ് ഇങ്ങനെ:
‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു. എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’, ആഷിഖ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.
ഈ പോസ്റ്റ് ഒരേസമയം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിട്ടുള്ള കൊട്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് ഒറ്റയ്ക്ക് ചൂണ്ടിക്കാട്ടാൻ ധൈര്യമില്ലാത്തത് കൊണ്ടാണോ നോട്ട് നിരോധനവും പൊക്കി കൊണ്ട് വന്നതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ബ്രഹ്മപുരം കത്തുമ്പോൾ ബ്രഹ്മപുരത്തെ കുറിച്ച് മാത്രം സംസാരിക്കാതെ, നോട്ട് നിരോധനത്തെ കൂടി കൂട്ടുപിടിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന് കണ്ടിട്ടാണോ ഈ ‘നിലപാട്’ എന്നാണ് ഉയരുന്ന ചോദ്യം.
അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും മുഖ്യമന്ത്രി നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുക. തീപിടിത്തത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നായിരുന്നു ആരോപണം.
Post Your Comments