എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമെന്ന് ടിഎൻ പ്രതാപൻ എംപി. യൂസഫലി മലയാളികളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇന്ത്യയുടെ പുറത്ത് അനേകം നാടുകളിൽ മലയാളിയുടെ പ്രൗഢവും അഭിമാനകാരവുമായ മേൽവിലാസമാണ് ബഹുമാനപ്പെട്ട പദ്മശ്രീ എംഎ യൂസുഫലി. നിരാലംബരായ അനേകായിരങ്ങൾക്ക് കൈത്താങ്ങായി ഒരു പച്ചമനുഷ്യൻ. വർഷങ്ങളായി എത്രയോ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ ഒരുക്കിയ അതുവഴി എണ്ണമറ്റ കുടുംബങ്ങൾക്ക് ആശ്വാസമേകിയ ഒരു മനുഷ്യനാണ് അദ്ദേഹം. മതമോ ജാതിയോ വർഗ്ഗമോ നോക്കിയല്ല, മാനവികതയുടെ പേരിൽ കരുതലിന്റെ തണലൊരുക്കിയ ഒരാളാണ് യൂസുഫലി.
സ്വന്തം അധ്വാനത്തിൽ നിന്ന് വളർന്നുവരികയും അതിന്റെ നല്ലൊരു ഭാഗം പൊതുസമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി നീക്കിവെക്കുകയും ചെയ്യുന്ന, സ്വന്തം രാജ്യത്തും നാട്ടിലും മൂലധന നിക്ഷേപം ഉറപ്പാക്കുന്ന ഒരു വ്യവസായി എന്ന നിലക്കും യൂസുഫലി അടയാളപ്പെടുത്തപ്പെടുന്നു. വിവിധ ഗൾഫ്, യൂറോപ്യൻ, പൂർവേഷ്യൻ രാജ്യങ്ങളിലും അവിടുത്തെ ഭരണാധികാരികൾ തന്നെ ഏറെ അടുപ്പത്തോടെ ചേർത്തു നിർത്തുന്ന ഈ മലയാളി നമ്മുടെ നാടിന്റെ അഭിമാനമാണ് എന്നതിൽ സംശയമില്ല.
രാഷ്ട്രീയമോ മറ്റേതെങ്കിലും വ്യത്യസങ്ങളോ പരിഗണിക്കാതെ ഭരണാധികാരികളെയും ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും സൗഹൃദപൂർവ്വം കാണുകയും ഊഷ്മളമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന യൂസുഫലിയുടെ സൗഹൃദ വലയത്തിൽ പ്രധാനമന്ത്രി മുതൽ രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരടക്കം അനേകം ആളുകളുണ്ട്. എല്ലാവരോടും രാജ്യത്തിന്റെ പുരോഗതിയും തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളും മുൻനിർത്തി വിവേചനങ്ങളില്ലാതെ ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണ് അദ്ദേഹം.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളിലേക്ക് അദ്ദേഹത്തെ പോലെ ഒരാളെ വലിച്ചിഴക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും അദ്ദേഹത്തെ ചേർത്തി നിർമ്മിക്കുന്ന അത്തരം വ്യാജ വ്യവഹാരങ്ങളെ പ്രബുദ്ധ സമൂഹം തള്ളിക്കളയും. കാരണം, യൂസുഫലി മലയാളിയുടെ അഭിമാനമാണ്.
ഇത്തരം വ്യാജനിർമ്മിതികളുടെ മലീമസ ചർച്ചകളിൽ മനംമടുത്ത് രാജ്യത്തും വിശിഷ്യാ നമ്മുടെ സംസ്ഥാനത്തുമുള്ള നിക്ഷേപ പദ്ദതികളിൽ നിന്ന് അദ്ദേഹം പിന്തിരിയുന്നതിന് ഇത് കാരണമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാൽ ഇത്തരം വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കാതെ വിവാദങ്ങളോട് സ്വതസിദ്ധമായ ശൈലിയിൽ സഹിഷ്ണുതാപൂർവ്വം മുഖം തിരിഞ്ഞ് നാടിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ പിന്തുണ എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പോടെ അദ്ദേഹം മുന്നോട്ടുപോകുക തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നു.
#mayusuffali
Post Your Comments