തിരുവനന്തപുരം: മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിന്റെ മുന്നൊരുക്കങ്ങൾ വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കാനും ധാരണയായി.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്താനാണ് തീരുമാനം. വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം തുടങ്ങിയ ക്യാമ്പയിനുകളുടെ ഭാഗമായി പൊതുസ്ഥലങ്ങൾ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള നേതൃത്വം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തേണ്ടതുണ്ട്. അതിനായുള്ള തയ്യാറെടുപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന ചുമതലയായി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹരിത കർമ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതിൽപ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കും. കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കാനാണ് തീരുമാനം. ഈ ക്യാമ്പയിന്റെ ഭാഗമായി മലിനമായ നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ, ഓടകൾ എന്നിവ മുഴുവൻ വൃത്തിയാക്കി എന്നുറപ്പാക്കണം കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ നദി, കായൽ എന്നിവിടങ്ങളിൽ ഇടുന്നത് സാമൂഹിക പ്രശ്നമായി മാറുന്നത് ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. ഇതൊഴിവാക്കാനായി പുഴകളിലെയും നദികളിലെയും ചെളിയും എക്കലും നീക്കം ചെയ്യും. വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും നിക്ഷേപിക്കാനുള്ള സൗകര്യവും തദ്ദേശസ്ഥാപനങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വൈദ്യുതാപകടങ്ങൾ ഒഴിവാക്കാൻ വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സമയബന്ധിതമായി സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി നടത്തും. മഴക്കെടുതികൾ നേരിടാനായി താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്ട്രോൾ റൂമുകളുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന 24x 7 കണ്ട്രോൾ റൂം ആരംഭിക്കും. ഈ പ്രവർത്തങ്ങളെയെല്ലാം ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലകളിൽ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി എന്നിവ വിലയിരുത്തേണ്ടതും പൂർത്തീകരിക്കപ്പെടാത്ത കാര്യങ്ങളുണ്ടെങ്കിൽ അവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കർമ്മ പദ്ധതികൾ തയ്യാറാക്കാനും തീരുമാനമെടുത്തു.
Post Your Comments