ആലപ്പുഴ: 2024ല്‍ മോദിസര്‍ക്കാരിന് ഒരവസരം നല്‍കണമെന്ന അമിത് ഷായുടെ ആഹ്വാനത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തള്ളിക്കളയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് മൂന്ന് ശതമാനത്തോളമാണ് കുറഞ്ഞത്. നിയമസഭയിലെ ഏക പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്തു. ഇതിനേക്കാളും വലിയ തിരിച്ചടിയായായിരിക്കും ബി.ജെ.പിക്ക് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുകയെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തെ സൊമാലിയയോട് ഉപമിച്ച, ആരോഗ്യ രംഗത്ത് ഉത്തര്‍പ്രദേശില്‍ നിന്നും പാഠം പഠിക്കാന്‍ ആഹ്വാനം ചെയ്ത, കേരളം സുരക്ഷിതമല്ലെന്ന് ആക്ഷേപിച്ച മഹാബലിയെപൊലും ചവുട്ടിതാഴ്ത്താന്‍ ആഹ്വാനം ചെയ്ത ബി.ജെ.പിയെ പിന്തുണക്കാന്‍ അഭിമാനബോധമുള്ള ഒരു കേരളീയനും തയ്യാറാകില്ല.
‘കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര വിഹിതം പകുതിയായി കുറച്ച 40,000 കോടി രൂപയോളമുള്ള കേന്ദ്ര സഹായം തടയുന്ന, കേരളത്തിന്റെ വികസനസ്വപ്നമായ കെ-റെയില്‍ പദ്ധതിക്ക് അനുമതി നല്‍കാത്ത ആരോഗ്യരംഗത്ത് ലോകത്തിന് തന്നെ മാതൃകയായിട്ടും എയിംസ് ആശുപത്രി നിഷേധിക്കുന്ന, പാലക്കാട്ടെ കോച്ച് ഫാക്ടറി നിഷേധിച്ച, തിരുവനന്തപുരത്തെ റെയില്‍വെ മെഡിക്കല്‍ കോളേജ് അനുവദിക്കാത്ത, കിഫ്ബിയെ തകര്‍ക്കാന്‍ നടപടികള്‍ സ്വീകരിക്കുന്ന സഹകരണമേഖലയെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കി നശിപ്പിക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെ എന്തിന് വേണ്ടിയാണ് കേരളം പിന്തുണക്കേണ്ടത്’, അമിത് ഷാ വിശദീകരിക്കണം. അമിത്ഷാ തന്നെ പറയുന്നത് പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചതാണ് കേന്ദ്രം കേരളത്തിന് നല്‍കിയ ഏറ്റവും വലിയ നന്മയെന്നാണ്. അതിലപ്പുറം ഒരു നന്മയും കേന്ദ്രം ചെയ്തിട്ടില്ലെന്ന വിളംബരം കുടിയാണ് ഈ പ്രസ്താവനയെന്നും ഗോവിന്ദന്‍ പറഞ്ഞു.
Post Your Comments