KeralaLatest NewsNews

‘ബ്രഹ്മപുരം പ്ലാന്റിനകത്ത് കയറി ഇറങ്ങി കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി, വീടുകളിൽ ആൾതാമസം കണ്ടപ്പോൾ അതിശയം തോന്നി’

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കൽ ഇപ്പോഴും തുടരുകയാണ്. മാലിന്യക്കൂമ്പാരത്തിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് ആയിരത്തോളം ആളുകൾ ആണ് ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിനെതിരെ ശബ്ദമുയർത്തി സിനിമാ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, പേരറിയാത്തവർ എന്ന തന്റെ സിനിമയുടെ ഷൂട്ടിംഗിനായി ഒരിക്കൽ ബ്രഹ്മപുരം സന്ദർശിച്ച കഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ ബിജു.

‘സിനിമയുടെ ചിത്രീകരണത്തിനായി ലൊക്കേഷന് വേണ്ടി ആദ്യം സന്ദർശിച്ചത് ബ്രഹ്മപുരം പ്ലാന്റ് ആയിരുന്നു. അതിനകത്തു മുഴുവൻ കയറി ഇറങ്ങി കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയിരുന്നു. വലിയ വലിയ മാലിന്യ കൂമ്പാരങ്ങൾ ഇങ്ങനെ കൂട്ടി കൂട്ടി ഇടുക എന്ന “ശാസ്ത്രീയ ” രീതി ആണ് അവിടെ കാണാൻ സാധിച്ചത്. മാലിന്യ സംസ്കരണ പ്ലാന്റ് എന്നതിലുമധികം അതിനു യോജിക്കുക മാലിന്യ ശേഖരണ പ്ലാന്റ് എന്നതായിരുന്നു. അസഹനീയമായ ദുർഗന്ധം വമിക്കുന്ന അനാരോഗ്യകരമായ ചുറ്റുപാടുകളിൽ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് ശുചീകരണ തൊഴിലാളികൾ പണിയെടുത്തിരുന്നത്’, സംവിധായകൻ വ്യക്തമാക്കുന്നു.

ബിജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പേരറിയാത്തവർ സിനിമയിലെ മാലിന്യ സംസ്കരണ പ്ലാന്റ് ഷൂട്ട് ചെയ്യുന്നതിനായി ഒട്ടേറെ സ്ഥലങ്ങൾ ലൊക്കേഷൻ നോക്കിയിരുന്നു . പേരറിയാത്തവരുടെ സ്ക്രിപ്റ്റ് എഴുതുന്ന അവസരത്തിൽ വിളപ്പിൽശാലയിലെ ജനകീയ പ്രതിരോധ സമിതിയിലെ ആളുകളുമായി സംസാരിച്ചിരുന്നു . വിളപ്പിൽശാല മാലിന്യ പ്ലാന്റിലുണ്ടായ ജനകീയ സമരം ആണ് സിനിമയിൽ പ്രതിപാദിക്കുന്ന ഒരു വിഷയത്തിന്റെ അടിസ്ഥാനം . സിനിമയുടെ ചിത്രീകരണത്തിനായി ലൊക്കേഷന് വേണ്ടി ആദ്യം സന്ദർശിച്ചത് ബ്രഹ്മപുരം പ്ലാന്റ് ആയിരുന്നു . അതിനകത്തു മുഴുവൻ കയറി ഇറങ്ങി കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയിരുന്നു . വലിയ വലിയ മാലിന്യ കൂമ്പാരങ്ങൾ ഇങ്ങനെ കൂട്ടി കൂട്ടി ഇടുക എന്ന “ശാസ്ത്രീയ ” രീതി ആണ് അവിടെ കാണാൻ സാധിച്ചത് . മാലിന്യ സംസ്കരണ പ്ലാന്റ് എന്നതിലുമധികം അതിനു യോജിക്കുക മാലിന്യ ശേഖരണ പ്ലാന്റ് എന്നതായിരുന്നു . അസഹനീയമായ ദുർഗന്ധം വമിക്കുന്ന അനാരോഗ്യകരമായ ചുറ്റുപാടുകളിൽ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് ശുചീകരണ തൊഴിലാളികൾ പണിയെടുത്തിരുന്നത് .
ആ പരിസരത്തുള്ള മിക്ക വീടുകളും ഒഴിഞ്ഞു പോയി നശിച്ചു തുടങ്ങിയ വീടുകളുടെ അവശിഷ്ടങ്ങൾ മാത്രം നിറഞ്ഞ ഒരു പ്രേത നഗരം പോലെയാണ് അതിന്റെ പരിസര പ്രദേശങ്ങൾ തോന്നിച്ചത് . ഒന്ന് രണ്ടു വീടുകളിൽ ആൾതാമസം കണ്ടപ്പോൾ അതിശയം തോന്നി . ഈ ദുർഗന്ധത്തിലും വീട് ഉപേക്ഷിക്കാതെ ആളുകൾ താമസിക്കുന്നു എന്നോ . കൂടുതൽ ചോദിച്ചപ്പോഴാണ് അറിഞ്ഞത് എറണാകുളത്തെ ചില മലയാളി ചെറുകിട കോൺട്രാക്ടർമാർ അവരുടെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ കുറഞ്ഞ വാടകയിൽ പാർപ്പിക്കാൻ വീട് കണ്ടെത്തി നൽകിയതാണ് . അവിടെയും ലാഭ കച്ചവടം . തൊഴിലാളി വിരുദ്ധവും മനുഷ്യത്വ ഹീനവുമായ പ്രവർത്തി .
ബ്രഹ്മപുരം പ്ലാന്റിലെ അസഹനീയമായ ദുർഗന്ധം സഹിച്ചു നാല് ദിവസം ഷൂട്ട്‌ ചെയ്യുവാൻ യൂണിറ്റിലെ അംഗങ്ങൾക്ക് സാധിക്കില്ല എന്ന് മനസ്സിലായതിനാൽ ബ്രഹ്മപുരത്തു ഷൂട്ട് ചെയ്യുന്നതിനുള്ള പ്ലാൻ ഒഴിവാക്കുക ആയിരുന്നു . തുടർന്ന് നാഗർകോവിലിൽ ഉള്ള ഒരു മാലിന്യ സംസ്കരണ പ്ലാന്റിൽ ആണ് പേരറിയാത്തവരിലെ മാലിന്യ സംസ്കരണ സ്ഥലം ഷൂട്ട് ചെയ്തത് .
കേരളത്തിൽ ഫലപ്രദമായി മാലിന്യ സംസ്കരണം നടത്തുക എന്നതിന് ഒരു സർക്കാരും അത്ര വലിയ പ്രാധാന്യം കൊടുത്തിട്ടില്ല എന്നതാണ് സത്യം . ഫലപ്രദമായ മാലിന്യ സംസ്കരണത്തിന് ലോകത്തെ പല രാജ്യങ്ങളിലും മികച്ച സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ അവയൊന്നും ഫലപ്രദമായി പഠിക്കാനോ നടപ്പിൽ വരുത്താനോ ഉള്ള ശ്രമങ്ങൾ ഉണ്ടായിട്ടില്ല എന്നത് ദുഖകരം അല്ല മാറി മാറി വരുന്ന എല്ലാ സർക്കാരുകളുടെയും കടുത്ത അനാസ്ഥ ആണ് . മാലിന്യം ലോറികളിൽ ശേഖരിച്ചു പൊതു നിരത്തിലൂടെ ദുർഗന്ധം വമിപ്പിച്ചു കൊണ്ട് സഞ്ചരിച്ചു എവിടെയെങ്കിലും ഒരിടത്തു കൂന കൂട്ടി ഇടുക എന്നതാണ് പ്രാദേശികമായി ചെയ്യുന്ന “മാലിന്യ സംസ്കരണം ” പ്രതിപക്ഷത്തായിരിക്കുമ്പോൾ ഇതിനൊക്കെ എതിരെ ഘോരഘോരം പ്രതികരിക്കുകയും ഭരണ പക്ഷത്താകുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ലാതെ ഉദ്ഘാടന മാമാങ്കങ്ങൾ മാത്രം നടത്തുകയും ചെയ്യുന്ന മന്ത്രിമാർ ഈ വിഷയങ്ങൾ അത്ര കാര്യമാക്കാറില്ല എന്നത് സ്ഥിരം കാഴ്ചയായി മാറിയിട്ട് എത്രയോ പതിറ്റാണ്ടുകൾ ആയി . അടിസ്ഥാനപരമായ പല വിഷയങ്ങളിലും യാതൊരു വിധ വിഷനോട് കൂടിയുമുള്ള ഇടപെടലുകളും ഉണ്ടാവുന്നില്ല എന്നത് കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാത്ത രാഷ്ട്രീയ ദുരന്തമായി നമുക്ക് മുന്നിൽ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു .
ബ്രഹ്മപുരം പ്ലാന്റ് ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന അവസരത്തിൽ അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട് . മുമ്പുള്ളതും ഇപ്പോഴുള്ളതും ഇനി വരാനും പോകാനുമുള്ളതുമായ എല്ലാ രാഷ്ട്രീയ ഭരണ നേതാക്കളും ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥരാണ് .
1. മാലിന്യ സംസ്കരണത്തിനായുള്ള ശാസ്ത്രീയമായ രീതി ഓരോ നഗരങ്ങളിലും വികേന്ദ്രീകൃതമായോ കേന്ദ്രീകൃതമായോ നടപ്പാക്കാൻ നമുക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടാണ് ?
2. പല ലോകരാജ്യങ്ങളും മാലിന്യ സംസ്കരണത്തിൽ മികച്ച മാതൃകകൾ ഉണ്ടെന്നിരിക്കെ അത് പഠിച്ചു കേരളത്തിന് അനുയോജ്യമായത് കണ്ടെത്തി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി എന്താണ് ഉണ്ടാകാത്തത് .?
3. മാലിന്യ സംസ്കരണം പഠിക്കാൻ എന്ന പേരിൽ മന്ത്രിമാരും പരിവാരങ്ങളും ഉന്നത ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളിൽ നടത്തുന്ന സുഖവാസ സന്ദർശന നാടകങ്ങൾ നിർത്തി ഈ മേഖലയുമായി പരിചയമുള്ള ആളുകളെ ഈ വിഷയങ്ങളിൽ ഇടപെടലുകളും പഠനങ്ങളും നടത്താൻ ഇനി എന്നാണു ഉപയോഗപ്പെടുത്തുക ?
4. നിലവിൽ കേരളത്തിലെ ശുചീകരണ തൊഴിലാളികൾ പണിയെടുക്കുന്നത് വളരെ അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ് . ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ പോലും അപര്യാപ്തമാണ് . മാസ്കുകൾ , ഗ്ലൗസുകൾ , ഷൂസ് തുടങ്ങി ബേസിക് ആയ കാര്യങ്ങൾ പോലും ആവശ്യത്തിനുള്ളത്ര എണ്ണം തൊഴിലാളികൾക്ക് ലഭിക്കാത്ത അവസ്ഥ പല മുനിസിപ്പാലിറ്റികളിലും നിലവിലുണ്ട് എന്നതാണ് യാഥാർഥ്യം . ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായത്ര അളവിൽ സുരക്ഷാ ഉപകരണങ്ങൾ നൽകാൻ എന്താണ് തടസ്സം ?
5. ശുചീകരണ തൊഴിലാളികൾക്ക് വളരെ തുച്ഛമായ പ്രതിഫലം ആണ് ലഭിക്കുന്നത് . സാമൂഹികമായി താഴെ തട്ടിലുള്ള ആളുകൾ ആണ് കൂടുതലായും ശുചീകരണ തൊഴിലാളികൾ ആയി പ്രവർത്തിക്കുന്നത് . മാലിന്യ സംസ്കരണം എന്ന ഏറ്റവും പ്രധാനപ്പെട്ട ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകുക എന്നത് എന്തുകൊണ്ടാണ് ഇതുവരെയും പരിഗണിക്കാതെ പോകുന്നത് .
6. അടിസ്ഥാനപരമായ എല്ലാ തൊഴിലുകളും ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളോട് പൊതു മലയാളി സമൂഹം പുലർത്തുന്ന അവഗണനയും സാമൂഹികമായ ഒരു പുച്ഛവും ഉണ്ട് . ഇത് മാറ്റാൻ എന്ത് സാമൂഹിക അവബോധമാണ് നടത്താൻ സാധിക്കുക ?
7. ബ്രഹ്മപുരം പതിനൊന്നു ദിവസമായി കത്തുകയാണ് . ഏതൊക്കെ വിഷ വാതകങ്ങൾ ആണ് പ്രദേശ വാസികൾ ശ്വസിക്കുന്നത് എന്നത് പോലും ആർക്കും അറിയില്ല . തീയും പുകയും അണയ്ക്കാൻ ഇത്ര നാളായി ഫലപ്രദമായ ഒരു ഇടപെടലും നടന്നിട്ടില്ല . മാസ്ക് ധരിക്കൂ , പുറത്തിറങ്ങാതിരിക്കൂ , ജനലും വാതിലും തുറക്കല്ലേ എന്നൊക്കെ പോസ്റ്റർ ഇറക്കൽ അല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത് എന്ന് ആർക്കും ഒരു അടിസ്ഥാന ധാരണ ഇല്ല . ഇത്തരം അടിയന്തിര ദുരന്ത സാഹചര്യങ്ങൾ നേരിടാൻ കേരളം ഒട്ടും സ്വയം പര്യാപ്തമല്ല എന്ന യാഥാർഥ്യം ഇനിയെങ്കിലും മനസ്സിലാക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ കെട്ടുകാഴ്ചകളും അവകാശ വാദങ്ങളും ഉപേക്ഷിച്ചു കൃത്യമായ ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടാക്കാൻ റിയലിസ്റ്റിക് ആയി ഇനി എന്നാണു നമ്മൾ മുന്നിട്ടിറങ്ങുക …
8. ബ്രഹ്മപുരത്തെ തീ അണയ്ക്കാനായി നിരവധി ശുചീകരണ തൊഴിലാളികളും , ഫയർ ഫോഴ്‌സും , മറ്റു നിരവധി വകുപ്പിലെ ആളുകളും രാപകൽ ഇല്ലാതെ പ്രവർത്തിക്കുന്നുണ്ട് .വലിയ അനാരോഗ്യകരമായ ചുറ്റുപാടിൽ ആണ് അവർ പ്രവർത്തിക്കുന്നത് . ഇവർക്ക് ആവശ്യമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ നൽകുവാൻ സാധിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കണം , ഇല്ലെങ്കിൽ അത്തരം സാഹചര്യങ്ങൾ ഭാവിയിൽ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യം നമ്മൾ ഉറപ്പ് വരുത്തണം . വിഷ പുകയിൽ നിന്നും ഒരു ജനതയെ രക്ഷിക്കാൻ സ്വന്തം ജീവൻ അപകടത്തിൽ പെടുത്തി അനേക ദിവസങ്ങളായി പണി എടുക്കുന്ന ഓരോ തൊഴിലാളിയെയും അംഗീകരിക്കപ്പെടണം. അവരുടെ ആരോഗ്യ സുരക്ഷയിൽ കൃത്യമായ മോണിറ്ററിങ്ങും ആവശ്യമെങ്കിൽ ഭാവിയിൽ വേണ്ടി വരുന്ന ചികിത്സകളും സർക്കാർ ഉറപ്പു വരുത്തണം . വിദഗ്ധ ചികിത്സ മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും മാത്രം ഉറപ്പ് വരുത്തിയാൽ പോരാ . ഇത്തരം ദുരന്ത മുഖത്ത് സ്വന്തം സുരക്ഷ പോലും വക വെയ്ക്കാതെ ജോലിയെടുക്കുന്ന എല്ലാ മനുഷ്യന്മാരുടെയും ആരോഗ്യ പരിരക്ഷയും വിദഗ്ധ ചികിത്സയും സ്റ്റേറ്റിന്റെ ഉത്തരവാദിത്വം ആയിരിക്കണം .
9. ബ്രഹ്മപുരം ഒരു മനുഷ്യ നിർമിത ദുരന്തം ആണ് . പതിനൊന്നു ദിവസമായിട്ടും തീ അണയ്ക്കാൻ സാധിക്കാതെ ഒരു നഗരം മുഴുവൻ വിഷപ്പുക ശ്വസിക്കുക എന്നത് വലിയ ദുരന്തമാണ് . ഇതിനു കാരണം എന്ത് തന്നെയായാലും പുറത്തു വരേണ്ടതുണ്ട് . അഴിമതിയും മിസ് മാനേജ്‌മെന്റും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കൃത്യമായി അന്വേഷണ വിധേയമാകണം , ശിക്ഷ ഉണ്ടാകണം . രാഷ്ട്രീയമായ ഇടപെടലുകളും രക്ഷപ്പെടുത്തലുകളും ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല . അങ്ങനെയുണ്ടായാൽ അതായിരിക്കും കേരളത്തിലെ ഏറ്റവും വലിയ ദുരന്തം ..

shortlink

Related Articles

Post Your Comments

Related Articles


Back to top button