എറണാകുളം: സുജയ പാര്‍വതിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 24 ന്യൂസ് ആസ്ഥാനത്തേക്ക് ബിഎംഎസ് മാര്‍ച്ച് നടത്തി . കൊച്ചി കടവന്ത്രയിലെ കോര്‍പ്പറേറ്റ് ഓഫീസിലേക്കായിരുന്നു ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തിയത്. 24 ചാനല്‍ നിക്ഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍
അടിയന്തിരമായി തീരുമാനം പുന:പരിശോധിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.
ബിഎംഎസ് വനിതാ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി സുജയ പാര്‍വതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുതന്നെ നില്‍ക്കുന്നതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന് കരുതി നിലപാട് മാറ്റില്ലെന്നും സുജയ പറഞ്ഞിരുന്നു. മാദ്ധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ പ്രൊഫഷനോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിത്തന്നെയാണ് ജോലി ചെയ്തിട്ടുള്ളത്. മാദ്ധ്യമ ധര്‍മ്മത്തിനെതിരായ ഒന്നും തന്നെ ചെയ്തിട്ടില്ല. രാഷ്ട്രീയ കാഴ്ചപ്പാടിനെയും ജോലിയേയും രണ്ടായിട്ടാണ് കാണുന്നത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നെന്ന് കരുതി നിലപാട് മാറ്റാന്‍ താന്‍ തയ്യാറല്ലെന്നും സുജയ ജനം ടിവിയോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വനിതാ ദിനത്തില്‍ തൃപ്പൂണിത്തുറയില്‍ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടുള്ള സുജയയുടെ പരാമര്‍ശം. ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകുമെന്നും അതിന് മുമ്പ് രാജ്യത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണമെന്നും സുജയ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ മാത്രമല്ല, നമ്മുടെയൊക്കെ ജീവിതത്തില്‍ തന്നെ മാറ്റം വരുത്തിയ ഒമ്പത് വര്‍ഷങ്ങളാണ് കടന്നുപോയതെന്നും സുജയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments