കൊച്ചി: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തില്‍ നിന്നുയര്‍ന്ന പുക കേരളത്തില്‍ വലിയ ചര്‍ച്ചയാണ്. പലര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഒട്ടേറെ പേര് ചികില്‍സ തേടി. തീയണയ്ക്കാനുള്ള ശ്രമം ഒരുഭാഗത്ത് നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി ഫലം കണ്ടിട്ടില്ല. വലിയ പ്രതിഷേധമാണ് കഴിഞ്ഞ പത്ത് ദിവസമായി നിലനില്‍ക്കുന്നത്. ഏകദേശം ആയിരത്തിനടുത്ത് ആളുകളാണ് പലവിധ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇപ്പഴിതാ, വിഷപ്പുക ശ്വസിച്ചത് മൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ പങ്കുവെയ്ക്കുകയാണ് നടി ഗ്രേസ് ആന്റണി.
‘പത്ത് ദിവസമായി അനുഭവിക്കുകയാണ് ജനങ്ങള്‍. ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ എത്തിച്ചത് നമ്മളൊക്കെ തന്നെയല്ലേ. എന്റെ കാര്യം തന്നെ പറയാം. പുക ആരംഭിച്ച മുതല്‍ എനിക്കും വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി. പിന്നെ ശ്വാസം മുട്ടലായി. കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. അപ്പോള്‍ തീയണയ്ക്കാന്‍ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തെ ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ദുരവസ്ഥ പരിഹരിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുന്നതല്ലേ. എന്തു പ്രശ്നമുണ്ടായാലും പൊളിറ്റിക്കല്‍ കറക്ടറ്റ്നെസ് നോകുന്ന നമുക്ക് ഒന്നും പറയാനില്ലേ. അതോ ‘പുകയടിച്ച് ബോധം കെട്ടോ’. ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലെന്ന ഉറപ്പാണ്. അതും പോയിക്കിട്ടി’, ഗ്രേസ് ആന്റണി പറയുന്നു.
എല്ലാവരും മാസ്ക് ധരിക്കണമെന്നും ബ്രഹ്മപുരത്തിന് സമീപ പ്രദേശങ്ങളില്‍ ശ്വാസ് ക്ലിനിക്കുകള്‍ തുടങ്ങുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എല്ലാത്തിനും കാരണം അഴിമതിയോടുള്ള ചിലരുടെ സ്നേഹമാണെന്ന് നടന് ശ്രീനിവാസന് അഭിപ്രായപ്പെട്ടു. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മേയര്‍ക്കോ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അറിയില്ലെന്ന് നടി രഞ്ജിനിയും അഭിപ്രായപ്പെട്ടു.
Post Your Comments