തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷമാവുകയാണ്. അന്തരീക്ഷ താപസൂചിക അപകടകരമാം വിധത്തിൽ ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയ്ക്കുള്ള സാധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസം വരെ ഈ പന്തലുകൾ നിലനിർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമെടുത്തു.
തണ്ണീർ പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, ഓ.ആർ.എസ് എന്നിവ കരുതും. പൊതു ജനങ്ങൾക്ക് ഇത്തരം തണ്ണീർ പന്തലുകൾ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകൾ തോറും നൽകുന്നതായിരിക്കും. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാനും സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള വിപുലമായ പ്രചരണ പരിപാടി സംഘടിപ്പിക്കും. ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവിൽ ഡിഫൻസ് എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും.
തീപിടുത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്‌നിശമന രക്ഷാസേനയെ പൂർണ സജ്ജമായി നിർത്താനും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന മേഖലകളിലെല്ലാം ഫയർ ഓഡിറ്റ് നടത്താനും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തീപിടുത്ത സാധ്യതയുള്ള മേഖലകൾ ശുചീകരിക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരെ വിനിയോഗിക്കാനും സർക്കാർ തീരുമാനിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തിൽ എല്ലാ പ്രധാന പൊതുസ്ഥാപനങ്ങളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്താനും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടുകൾ വഴി തീപിടുത്തങ്ങളുണ്ടാകുന്നത് ഒഴിവാക്കാനുള്ള ജാഗ്രതാ നടപടികളുടെ ഭാഗമാണിത്.
കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ പ്രാദേശികതലത്തിൽ വിവിധ കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കും. പൊതുജനങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന പ്രാദേശിക ക്യാമ്പയിനുകൾ നടപ്പിലാക്കാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ, പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടുന്നതിനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
വേനൽച്ചൂട് രൂക്ഷമാവുന്നതിനാൽ തൊഴിൽ വകുപ്പ് ആവശ്യമായ തൊഴിൽ സമയ പുനക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഈ വേനൽക്കാലത്ത് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയെന്നത് ഈ സർക്കാരിന്റെ പ്രഥമപരിഗണനയിലുള്ള കാര്യമാണ്. പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഹീറ്റ് സ്ട്രെസ്സ് വർധിപ്പിക്കാനിടയാക്കും. ഇത് കുറയ്ക്കാൻ പരീക്ഷ ഹാളുകളിൽ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കാൻ നടപടികളെടുക്കും.
ഉത്സവ കാലമായതിനാൽ പടക്ക നിർമ്മാണ/ സൂക്ഷിപ്പ് ശാലകൾ പരിശോധിച്ച് നിർബന്ധമായും അഗ്നി സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ എടുത്തിട്ടുണ്ട്. വേനൽ മഴ ലഭിക്കുകയാണെങ്കിൽ പരമാവധി വെള്ളം സംഭരിക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രദേശികമായ പ്രചരണ പരിപാടികൾ ഉയർത്തിക്കൊണ്ടുവന്ന് ഇതിനെ ഒരു ജനകീയ ക്യാമ്പയിനായി മാറ്റിത്തീർക്കാൻ നമുക്ക് സാധിക്കണം.
ചൂട് ഭാവിയിലും വർധിക്കും എന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെ പരിഗണിച്ചു കൊണ്ട് അതിനെ അതിജീവിക്കുന്നതിനായി ‘കൂൾ റൂഫ്’ ഉൾപ്പെടെയുള്ള ഹൃസ്വകാല, ദീർഘകാല പദ്ധതികൾ നൽകി നടപ്പിലാക്കും. സമഗ്രവും ജനകീയവുമായ ഇത്തരം ഇടപെടലുകളിലൂടെ മാത്രമേ രൂക്ഷമാകുന്ന വേനൽക്കെടുതികളെ നമുക്ക് പ്രതിരോധിക്കാനാകൂ. ഈ ഇടപെടലുകൾ പൂർണവിജയമാകാൻ പൊതുജനത്തിന്റെ ജാഗ്രതയോടു കൂടിയ സഹകരണം ആവശ്യമാണ്. പരിഭ്രമമില്ലാതെ നമുക്കീ വേനലിനെ നേരിടാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
Post Your Comments