കൊച്ചി: ബ്രഹ്മപുരത്തെ തീയിൽ നിന്നുയർന്ന പുക കൊച്ചിയെ ശ്വാസംമുട്ടിക്കുമ്പോൾ പുതിയ അഴിമതി ആരോപണവും ഉയരുന്നു. ജൈവമാലിന്യ സംസ്കരണ റെൻഡറിലാണ് അഴിമതി ആരോപണം ഉയരുന്നത്. കഴിഞ്ഞ വർഷം കരാർ ലഭിച്ചത് സി.പി.എം നേതാവിന്‍റെ കമ്പനിക്കാണെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്‍റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീർ ബാബുവാണ്. ടെൻഡറിൽ അട്ടിമറി നടന്നു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കവെയാണ് പങ്കാളികളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.
കൊച്ചി കോർപ്പറേഷനിൽ പ്രതിദിന മാലിന്യ സംസ്കരണത്തിൽ ഏറ്റവും ഒടുവിൽ കരാർ നേടിയ കമ്പനി സ്റ്റാർ കണ്‍സ്ട്രക്ഷൻസാണ്. തീപിടുത്തം ഉണ്ടായ മാർച്ച് രണ്ടിനാണ് കരാർ അവസാനിച്ചത്. സക്കീർ ബാബു സിപിഎം ബ്രാഞ്ച് സെക്രട്ടറി, വിവാദ സിപിഎം നേതാവ് സക്കീർ ഹുസൈൻ നേതൃത്വം നൽകിയ സംഘടനയിലെ വൈസ് പ്രസിഡന്‍റ് സേവി ജോസഫ് എന്നീ രണ്ട് പേരാണ് കമ്പനി ഉടമകൾ. മാലിന്യ സംസ്കരണത്തിൽ ഒരു മുൻപരിചയവും ഇല്ലാത്ത കമ്പനിക്ക് എങ്ങനെയാണ് ടെണ്ടർ ലഭിച്ചതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. പ്രതിദിനം 250 ടണ്‍ മാലിന്യ സംസ്കരിച്ചുള്ള പ്രവൃത്തി പരിചയം വേണമെന്നതാണ് പ്രധാന നിബന്ധന. 100 ടൺ പോലും പ്രതിദിന സംസ്കരണം നടക്കാത്ത ഒറ്റപ്പാലത്തെയും മലപ്പുറത്തെയും പ്രവൃത്തി പരിചയം കാട്ടി ടെക്നിക്കൽ ബിഡ് വിജയിച്ചതാണ് പ്രധാന ആരോപണം.
അതേസമയം, ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുക. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നപരിഹാരത്തിന് പുതിയ കർമ്മപദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Post Your Comments