തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് സ്വദേശി അശ്വിന്റെ ആത്മഹത്യയിൽ വിശ്വസിക്കാനാകാതെ ബന്ധുക്കൾ. ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ പുഷ്പ്പരാജൻ പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് (22) ആണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ആത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ മരണത്തിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്. വീട്ടിലെ സ്വന്തം മുറിയിൽ ആണ് യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അശ്വിൻ രാജിന്റെ സുഹൃത്ത് ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ കഴിഞ്ഞ ദിവസം കല്ലമ്പലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങ് നടത്തി. ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ ശേഷം അശ്വിൻ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശ്രേഷ്ഠയുടെ മരണത്തിൽ അശ്വിൻ രാജ് മാനസികമായി വളരെ വിഷമത്തിൽ ആയിരുന്നെന്നും സ്കൂൾ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേർപാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
അതേസമയം, ദേശീയ പാതയിൽ ആറ്റിങ്ങൽ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തിൽ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്. ആല്‍ഫിയയെന്ന വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നിൽ ഇടിക്കുകയും തുടർന്ന് ഇവിടെ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
Post Your Comments