പത്തനംതിട്ട: പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി (72) യാണ് മരിച്ചത്. അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. രാവിലെ വീടിന്റെ മുകളിലത്തെ നിലയിലാണ് നാരായണന്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
നാരായണന്‍കുട്ടി എഴുതിയതെന്ന് കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ ഒന്നാം പ്രതിയാണ് നാരായണന്‍കുട്ടി. ഈ കേസില്‍ വ്യാഴാഴ്ച അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് മരണം.
തനിക്കെതിരേയുള്ള പോക്‌സോ പരാതി പച്ചക്കള്ളമാണെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടി അലട്ടുന്നതിനാല്‍ ഇനി ജീവിച്ചിരിക്കില്ലെന്നുമാണ് കുറിപ്പിലുള്ളത്. കണ്ടെടുത്ത കുറിപ്പ് പൊലീസ് പരിശോധിച്ചുവരികയാണ്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതെന്നും ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെയാണ് പരാതി എത്തുന്നത്. ഇവരുടെ വിവാഹമോചന ഹര്‍ജികളും കോടതിയുടെ പരിഗണനയിലായിരുന്നു.
എന്നാല്‍ പരാതിയിലെ കാര്യങ്ങളെല്ലാം പെണ്‍കുട്ടി മൊഴിയായി നല്‍കിയതോടെയാണ് പൊലീസ് പോക്‌സോ കേസെടുത്തത്.
വ്യാഴാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് കിട്ടിയതുമുതല്‍ നാരായണ്‍കുട്ടി ഏറെ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
2019ലെ തിരുവോണ ദിവസമാണ് പോക്‌സോ കേസിനാസ്പദമായ സംഭവമുണ്ടായത്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്നായിരുന്നു ആരോപണം. 2021 ഒക്ടോബറിലാണ് കുട്ടിയുടെ അച്ഛന്‍ ഇതുസംബന്ധിച്ച് ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. വിവരമറിഞ്ഞിട്ടും ഇതെല്ലാം മറച്ചുവെച്ചെന്നാണ് അമ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റം.അതേസമയം, മുന്‍വൈരത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപയോഗിച്ച് നല്‍കിയ വ്യാജപരാതിയാണെന്നായിരുന്നു അമ്മയുടെ പ്രതികരണം.
Post Your Comments