കൊല്ലം: മാതാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടത്താനം നീതിനഗറിൽ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മയെ മകൻ സുനിലും സുഹൃത്തായ കുട്ടനും ചേർന്ന് ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി സുനിൽ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
കുഴിച്ചു മൂടുന്നതിന് സഹായിച്ച രണ്ടാം പ്രതി കുട്ടനെ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് മൂന്നു വർഷം കഠിനതടവിനും ശിക്ഷിച്ചു. പ്രതികൾ 50,000 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പിഴയൊടുക്കാതിരുന്നാൽ നാലുമാസം കൂടി തടവുശിക്ഷ അനുവദിക്കണം.
കൊല്ലപ്പെട്ട സാവിത്രിയമ്മയും മകനായ പ്രതിയും ഒരുമിച്ച് ആയിരുന്നു പട്ടത്താനം നീതിനഗറിൽ പ്ലാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ താമസിച്ചിരുന്നത്. മൂത്തമകളും അധ്യാപികയും കേസിലെ ഒന്നാം സാക്ഷിയുമായ ലാലി ഹരിപ്പാടും, മറ്റ് മക്കളായ സജീവ് മുഖത്തലയിലും, ഷാജി ആറ്റിങ്ങൽ തോന്നയ്ക്കലും ആണ് താമസിച്ചിരുന്നത്.
സാവിത്രിയമ്മ സുനിലിനോട് വീടും വസ്തുവും സാവിത്രിയമ്മയുടെ മരണശേഷം മൂത്തമകളായ ലാലിയ്ക്ക് എഴുതി നൽകാൻ തീരുമാനിച്ചതായി പറഞ്ഞിരുന്നു. ഇതിലുള്ള വിരോധം മൂലം സാവിത്രിയമ്മയെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
Read Also : ബാറിലുണ്ടായ തര്‍ക്കത്തിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം : ഒരാൾ പിടിയിൽ
2019 സെപ്റ്റംബർ മൂന്നിനാണ് സംഭവം. കൊല്ലം സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കുമാർ സമഗ്രമായ അന്വേഷണം നടത്തുന്നതിലേക്കായി കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ആർ. രാജേഷിനെ ചുമതലപ്പെടുത്തി. തുടർന്ന് രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം നടത്തിയ കൂടുതൽ അന്വേഷണത്തിൽ മകനായ സുനിലിന്റെ പങ്ക് വ്യക്തമായി. തുടർന്ന്, സുനിലിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ സുനിൽ അമ്മയായ സാവിത്രിയമ്മയെ സുഹൃത്തായ കുട്ടന്റെ സഹായത്തോടെ വീട്ടുപുരയിടത്തിൽ കുഴിച്ചിട്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ സുനിൽ ചൂണ്ടിക്കാട്ടിയ സ്ഥലത്തെ മണ്ണ് മാറ്റി പരിശോധിച്ചതിൽ മൃതദേഹം കണ്ടെത്തി.
മൃതദേഹം മറവ് ചെയ്യുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും സഹായിച്ച കുട്ടനെകുറിച്ച് അന്വേഷണത്തിലും ഫോണ്‍ രേഖകൾ പരിശോധിച്ചതിലും കുട്ടൻ കൃത്യത്തിന് ശേഷം ഒളിവിൽ താമസിക്കുകയാണെന്ന് മനസിലായി. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കുട്ടന്റെ പിതാവിന്റെ ബന്ധുക്കളുടെ വീടിന് സമീപത്തുനിന്നും ഇയാളെ പിടികൂടുകയായിരുന്നു.
അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിനെതുടർന്ന് കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് റോയി വർഗീസ് 2021 ഓഗസ്റ്റ് 10-ന് പ്രതികൾക്കെതിരെ കുറ്റം ചുമത്തി വിചാരണ നടപടികൾ ആരംഭിച്ചു. 30 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും തെളിവിലേക്കായി 53 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് കോടതി മുമ്പാകെ ഹാജരായി.
Post Your Comments