കൊച്ചി: വനിതാ ദിനത്തിൽ സ്‌പെഷ്യൽ ഓഫർ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ട് ബുധനാഴ്ച്ച സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. അന്നേദിവസം സ്ത്രീകൾക്ക് കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനിൽ നിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
വനിതാ ദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് കൊച്ചി മെട്രോ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയിൽ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആർഎൽ എം ഡി ലോക്‌നാഥ് ബെഹ്‌റ ഉച്ച്ക്ക് 12 മണിക്ക് കലൂർ മെട്രോ സ്റ്റേഷനിൽ വച്ച് ആദരിക്കും.
കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാംപുകളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക.
നെക്‌സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കംപ്യൂട്ടറിന്റെ സിപിയു പോലുള്ള ഇലക്ട്രോണിക് വേസ്റ്റുകളും റീസൈക്കിൾ ചെയ്ത അലൂമിനിയം, പ്ലാസ്റ്റിക്ക് വേസ്റ്റുകളും ഉപയോഗിച്ച് നെക്‌സോറ അക്കാദമിയിലെ വിദ്യാർത്ഥികളാണ് ചെലവ് കുറഞ്ഞ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ നിർമ്മിച്ചിരിക്കുന്നത്.
Read Also: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം: വായുവിന്റെ ഗുണനിലവാരം അളക്കാൻ നിരീക്ഷണ വാഹനം
Post Your Comments