നാഗ്പൂർ: മദ്യപാനത്തിന് ശേഷം വയാഗ്ര ഗുളിക കഴിച്ച യുവാവ് മരണപ്പെട്ടു. നാഗ്പൂരിൽ 41 കാരനായ ആൾക്കാണ് ദാരുണാന്ത്യം. മദ്യപിക്കുന്നതിനിടെ ഇയാൾ രണ്ട് വയാഗ്ര ഗുളികകൾ ഒരുമിച്ച് കഴിക്കുകയായിരുന്നു. ഫോറൻസിക് ആൻഡ് ലീഗൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തെ ഉദ്ധരിച്ച് news.au.com ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വയാഗ്ര എന്ന ബ്രാൻഡിൽ വിൽക്കുന്ന രണ്ട് 50 മില്ലിഗ്രാം സിൽഡെനാഫിൽ ഗുളികകൾ ആണ് ഇയാൾ കഴിച്ചത്. 41 കാരൻ തന്റെ പെണ്‍സുഹൃത്തിനൊപ്പം ഒരു ഹോട്ടലിൽ മുറിയെടുത്തു. മദ്യപാനത്തിന് ശേഷം ലൈംഗികബന്ധത്തിന് മുന്നോടിയായി ഇയാൾ രണ്ട് വയാഗ്ര ഗുളികകൾ കഴിച്ചു. ഇതിനുശേഷം ഇയാൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഛർദ്ദിക്കുകയും തല കറങ്ങുന്നത് പോലെ തോന്നുകയും ചെയ്തതോടെ ഇയാളോട് ആശുപത്രിയിൽ പോകാൻ പെൺസുഹൃത്ത് ആവശ്യപ്പെട്ടു.
എന്നാൽ, ഈ അസുഖം തനിക്ക് മുൻപും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് ഇയാൾ സുഹൃത്തിന്റെ ആവശ്യം നിരസിച്ചു. അധികം വൈകാതെ അവസ്ഥ പരിതാപകരമായി. നില വഷളാകാൻ തുടങ്ങിയപ്പോൾ ഇയാൾ ആശുപത്രിയിലെത്തി. പക്ഷെ, ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണപ്പെട്ടു. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്ന സെറിബ്രോവാസ്കുലർ രക്തസ്രാവം മൂലമാണ് ഇയാൾ മരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.
Post Your Comments