കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മൊബൈൽ വാഹനം സിവിൽ സ്റ്റേഷനിലെത്തി ജില്ലാ കളക്ടർ ഡോ രേണു രാജ് വാഹനം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി.
കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയിലെ എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ നിന്നുള്ള ആംബിയന്റ് എയർ ക്വാളിറ്റി മോണിറ്ററിംഗ് വാൻ ആണ് എത്തിയത്. അസിസ്റ്റന്റ് പ്രൊഫസർ ഡോ. മഹേഷ് മോഹന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. പിഎച്ച്ഡി വിദ്യാർഥിയായ എൻ ജി വിഷ്ണു, എംഎസ്സി വിദ്യാർഥിയായ ആൽബിൻ ഷാജൻ എന്നിവരാണ് വാഹനത്തിലുള്ളത്. മൂന്ന് ദിവസം വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ച ശേഷം ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകും.
ആദ്യ ദിവസം സിവിൽ സ്റ്റേഷനിലാണ് വാഹനം തങ്ങുന്നത്. അടുത്ത ദിവസം മറ്റിടത്തേക്ക് മാറ്റും. അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളുടെ നിലയറിയാനുള്ള ഫീൽഡ് ഗ്യാസ് അനലൈസറും വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. എംജി സർവകലാശാല എൻവയോൺമെന്റ് സയൻസ് വിഭാഗത്തിലെ പ്രൊഫസർ ഇ വി രാമസ്വാമിയുടെ നേതൃത്വത്തിലാണ് ഹരിത വാതകങ്ങളുടെ തോത് അളക്കുന്നത്. ദക്ഷിണേന്ത്യയിൽ എം ജി സർവകലാശാലയിൽ മാത്രമാണ് ഇത്തരത്തിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള മൊബൈൽ വാഹന സൗകര്യമുള്ളത്. നാലു വർഷം മുൻപാണ് സർവകലാശാല വാഹനം വാങ്ങിയത്.
Post Your Comments