കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ നിലപാട് കർശനമാക്കി ഹൈക്കോടതി. ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യ നിർമ്മിതമാണോയെന്ന് കോടതി ചോദിച്ചു. ജില്ല കലക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർ നാളെ കോടതിയിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാകണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, കളക്ടർ, കോർപറേഷൻ സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ, കളക്ടർ കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി അതൃപ്തി രേഖപ്പെടുത്തി. വിഷപ്പുക നഗരത്തിൽ പടരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നൽകിയ കത്തിനെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments