തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് വേണ്ടി ഭക്തർ ഉപയോഗിക്കുന്ന ചുടുകട്ടകള്‍, ലൈഫ് ഉള്‍പ്പെടെയുള്ള ഭവനനിര്‍മാണ പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ ശേഖരിക്കുമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. ഭക്തര്‍ ഉപേക്ഷിച്ച് പോകുന്ന കല്ലുകള്‍ ശേഖരിച്ച് ഭവനപദ്ധതികള്‍ക്കായി ഉപയോഗിച്ച് പണി പൂര്‍ത്തിയാകുമ്പോള്‍, വീട് ലഭിച്ചവര്‍ നഗരസഭയോട് കടപ്പാടും സ്നേഹവും ഉണ്ടാകുമെന്നാണ് ആര്യ രാജേന്ദ്രന്റെ നിരീക്ഷണം. മാതൃഭൂമി ന്യൂസിനോടായിരുന്നു മേയറുടെ പ്രതികരണം.
‘ചുടുകല്ല് ശേഖരിക്കാന്‍ പ്രത്യേകം വളണ്ടിയര്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശേഖരിച്ചശേഷം നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റും. പിന്നീട് അര്‍ഹരായ ലൈഫ് മിഷനടക്കം ഭവനപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. അതിന് മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്. വിധവകള്‍, വികലാംഗര്‍, അതിദരിദ്രര്‍, ആശ്രയപദ്ധതിയിലുള്ളവര്‍, കിടപ്പുരോഗികള്‍, മാറാരോഗികള്‍, എന്നിവരുടെ അപേക്ഷയുണ്ടെങ്കില്‍ മുന്‍ഗണന നല്‍കും.
ലൈഫ് പോലെ ഭവനപദ്ധതി ഏറ്റെടുക്കുമ്പോള്‍, അതില്‍ ആനുകൂല്യം കിട്ടുന്ന ആളുകള്‍ക്ക് വലിയ സന്തോഷമാണ്. പല പദ്ധതികളിലും ആനുകൂല്യം കിട്ടുമ്പോള്‍ സന്തോഷത്താല്‍ കരഞ്ഞുകൊണ്ട് അടുത്തേക്ക് ഓടിവരുന്ന ഒരുപാട് അമ്മമാരെ ദിനംപ്രതി നമ്മള്‍ കാണുന്നുണ്ട്. ആനുകൂല്യം കിട്ടുമ്പോള്‍ അവര്‍ക്ക് ഒരു കൈത്താങ്ങുകൂടി നല്‍കുകയാണ്. ഭക്തജനങ്ങള്‍ ഉപേക്ഷിച്ച് പോകുന്ന കല്ലുകള്‍ ശേഖരിച്ച് അവരെക്കൂടി സഹായിക്കാന്‍ സാധിക്കുന്നു. അവര്‍ നാളെ ഈ വീട് പൂര്‍ത്തിയാക്കുമ്പോള്‍ നഗരസഭയോട് കടപ്പാടുള്ളവരായിരിക്കും. നഗരസഭയെ സ്‌നേഹിക്കുന്നവരായിരിക്കും. അത്രയേ നമ്മുടെ ലക്ഷ്യമുള്ളൂ’, ആര്യ പറയുന്നു.
Leave a Comment