![brahmapuram waste plant](/wp-content/uploads/2019/07/brahmapuram-plant.jpg)
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെങ്കിലും പുക ഉയരുന്ന സാഹചര്യമുണ്ട്. പുക ശമിപ്പിക്കുന്നതിന് ഫയർ ആന്റ് റെസ്‌ക്യൂവിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്. 30 ഫയർ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഒരു യൂണിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. 120 അഗ്‌നിസുരക്ഷാ സേനാംഗങ്ങളാണ് പുക ശമിപ്പിക്കാനായി രംഗത്തുളളത്. കൂടാതെ കൊച്ചി കോർപ്പറേഷൻ ജീവനക്കാരുമുണ്ട്. നേവിയുടെ രണ്ട് ഹെലികോപ്ടറിൽ മുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സിയാലിൽ നിന്നുൾപ്പടെ യന്ത്രസാമഗ്രികൾ ബ്രഹ്മപുരത്തെത്തിച്ചിട്ടുണ്ട്.
മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗത്ത് നിന്നുയരുന്ന പുക ശമിപ്പിക്കാനാണ് ശ്രമം ഊർജിതമായി നടക്കുന്നത്. മാലിന്യം ചികഞ്ഞ് മാറ്റി ഉൾവശത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. മാലിന്യക്കൂമ്പാരം ചികയുന്നതിനായി ആറ് ഹിറ്റാച്ചികളാണ് ഉപയോഗിക്കുന്നത്.
തീപിടിത്തമുണ്ടായ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാക്കുന്ന ഫ്ളഡിംഗ് രീതിയിലാണ് പുക ശമിപ്പിക്കുന്നത്. ഇതിന് കടമ്പ്രയാറിൽ നിന്ന് ഫ്ളോട്ടിംഗ് ജെസിബിയുടെ സഹായത്തോടെ വെള്ളമെടുക്കുന്നുണ്ട്. രണ്ട് ഫ്ളോട്ടിംഗ് ജെസിബികൾ ഉപയോഗിക്കുന്നു. ആലപ്പുഴയിൽ നിന്നെത്തിച്ച വലിയ രണ്ട് ഡീ വാട്ടറിംഗ് പമ്പുകളും ചെറിയ പമ്പുകളും ഉപയോഗിക്കുന്നുണ്ട്. കൂടുതൽ ജെസിബികൾ ഉപയോഗപ്പെടുത്തും.
Post Your Comments