തിരുവനന്തപുരം: കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയ മുൻസിപ്പൽ സെക്രട്ടറിയും ഓഫീസ് അറ്റൻഡന്റും വിജിലൻസ് പിടിയിൽ. ഖര മാലിന്യ സംസ്‌കരണത്തിനായി കരാറെടുത്ത കരാറുകാരനിൽ നിന്നും 25,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തിരുവല്ല മുൻസിപ്പൽ സെക്രട്ടറി നാരായണൻ സ്റ്റാലിനും, ഓഫീസ് അറ്റൻഡന്റ് ഹസീനബീഗവും വിജിലൻസിന്റെ പിടിയിലായത്.
കഴിഞ്ഞ നാല് വർഷമായി തിരുവല്ല മുനിസിപ്പാലിറ്റിയിൽ ഖരമാലിന്യ സംസ്‌കരണത്തിനായി കരാർ ഏറ്റെടുത്ത് നടത്തി വന്നിരുന്ന ക്രിസ്റ്റഫറിന് ഇനി ഒരു വർഷം കൂടി മാലിന്യ സംസ്‌കരണം നടത്തുന്നതിന് കരാർ ഉണ്ടായിരിക്കെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയായ നാരായണൻ സ്റ്റാലിൻ കൈക്കൂലിയായി 2 ലക്ഷം രൂപ ചോദിക്കുകയും, അല്ലാത്തപക്ഷം മുൻസിപ്പാലിറ്റിയുമായുള്ള എഗ്രിമെന്റ് റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുണ്ടായി. പരാതിക്കാരൻ ഈ വിവരം പത്തനംതിട്ട, വിജിലൻസ് യുണിറ്റ് ഡി.വൈ.എസ്.പി ഹരി വിദ്യാധരനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി ആദ്യ ഗഡുവായ 25,000/- രൂപ ഇന്ന് വൈകിട്ട് 5 മണിയോടെ തിരുവല്ല മുനിസിപ്പാലിറ്റി ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും നാരായണൻ സ്റ്റാലിൻ വാങ്ങി ഓഫീസ് അറ്റൻഡന്റ് ആയ ഹസീന ബീഗത്തിനെ ഏൽപ്പിച്ച സമയം വിജിലൻസ് സംഘം രണ്ടുപേരെയും കയ്യോടെ പിടികൂടുകയാണുണ്ടായത്.
അറസ്റ്റ് ചെയ്ത പ്രതികളെ തിരുവന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ വിജിലൻസ്, പത്തനംതിട്ട യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹരി വിദ്യാധരനെ കൂടാതെ ഇൻസ്‌പെക്ടർമാരായ അഷറഫ്, രാജീവ് , അനിൽകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ഹരിലാൽ, ഷാജി ജോൺ, മണിലാൽ, എസ്.സി.പി.ഒ മാരായ രാജീവ് കുമാർ, ബിജു, സി.പി.ഒ മാരായ ജിനുമോൻ, പ്രജീഷ്, ഗോപകുമാർ, കിരൺ, അജീർ, ഷാലു, രജിത്, രേഷ്മ, സി.പി.ഒ ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments