തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഫെബ്രുവരി ആറിന് നടന്നത് ‘സ്വര്‍ണ്ണം പൊട്ടിക്കല്‍’ എന്ന പേരിലുള്ള ‘ഒത്തുകളി’യാണെന്ന് പോലീസ് നിഗമനം. സ്വര്‍ണ്ണക്കടത്ത് സംഘം തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി കടത്തിയത് എത്ര പവന്റെ സ്വര്‍ണ്ണമാണെന്നും ഇനിയും വ്യക്തമായിട്ടില്ല. ഒരു കിലോ സ്വര്‍ണം എന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണ്ണംപൊട്ടിക്കല്‍ എന്ന പേരില്‍ ഒത്തുകളിച്ച് കൊല്ലത്തെ ടീം സ്വര്‍ണ്ണം തട്ടുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.
ഈ പൊട്ടിക്കല്‍ സംഘത്തില്‍പ്പെട്ട രണ്ടുപേരാണ് കഴിഞ്ഞ ദിവസം പേട്ട പോലീസിന്റെ പിടിയിലായത്. കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദലി അലി (28) എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം കടത്തിയ ഷമീമിന്റെ പരാതിയിലാണ് അറസ്റ്റ് വന്നത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ച് മോഷണത്തിനു പരാതി ഷമീം ചെയ്തത്. ഇത് പിന്നീട് വ്യക്തമായി. കടത്തിയ സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കബളിപ്പിക്കപ്പെട്ടത് കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായിലാണ്. സുഹൃത്തും കൊല്ലം സ്വദേശിയുമായ മുഹമ്മദ് ഷമീം വഴി കൊടുത്തുവിട്ട ഒരു കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ഷമീമുമായി ബന്ധമുള്ളവരാണ് ഇന്നലെ അറസ്റ്റിലായത്. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ തന്റെ സുഹൃത്തുക്കള്‍ എത്തുമെന്ന് ഇസ്മായില്‍ ഷമീമിനെ അറിയിച്ചിരുന്നു
എന്നാല്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയ ഷമീം ഇസ്മായിലിന്റെ കൂട്ടുകാരെ കാത്ത് നില്‍ക്കാതെ മുങ്ങുകയായിരുന്നു. കൊല്ലത്തെ തന്റെ സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് ഷമീം കടന്നത്. കരിക്കകത്തെ പെട്രോള്‍ പമ്പിലെത്തിയ ശേഷം ഷമീം ഇസ്മായിലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പമ്പില്‍ വച്ച് സ്വര്‍ണം തന്റെ കയ്യില്‍ നിന്നു മറ്റൊരു സംഘം തട്ടിയെടുത്തതായി പറഞ്ഞു.
ഇതോടെ ഇസ്മായില്‍ വിമാനത്താവളത്തിനു പുറത്ത് കാത്ത് നിന്ന തന്റെ സുഹൃത്തുക്കളോട് ഈ കാര്യം പറയുകയായിരുന്നു. ഇവര്‍ പമ്പിലെത്തി ഷമീമും സംഘവുമായി വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി. പമ്പ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് 11 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പൊലീസിനോട് ഇവര്‍ പറഞ്ഞത് 13 പവന്റെ മാല നഷ്ടപ്പെട്ടെന്നായിരുന്നു. സിസിടിവി പരിശോധയിലാണ് ഷമീമില്‍ നിന്ന് മുഹമ്മദ് ഷാഹിദ്, സെയ്ദലി അലി എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗസംഘം കാറിലെത്തി ‘സ്വര്‍ണം പൊട്ടിച്ച’തായി കണ്ടെത്തിയത്.
നമ്പര്‍ പ്ലേറ്റില്‍ ടേപ്പ് ഒട്ടിച്ച് മറച്ച ഒരു കാറിന്റെ ദൃശ്യത്തില്‍ നിന്നാണ് പേട്ട പോലീസ് അന്വേഷണം തുടങ്ങുന്നത്. ആ കാര്‍ കൊല്ലത്ത് ഉള്ളതാണ് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് വാഹനത്തിന്റെ നമ്പറിന്റെ പരിശോധനയിലാണ് രണ്ടു പ്രതികളെ പേട്ട സിഐ പ്രകാശിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ എല്ലാം ഷമീമിന്റെ ആസൂത്രണമായിരുന്നു എന്നാണ് ഇരുവരുടെയും മൊഴി. പട്രോള്‍ പമ്പിന് സമീപത്തുവച്ച് ഷമീം തങ്ങള്‍ക്ക് സ്വര്‍ണം അടങ്ങിയ ബാഗ് നല്‍കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments