
ചാറ്റ്ജിപിടിയെ നേരിടാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി മെറ്റയ്ക്ക് വലിയ തോതിൽ വെല്ലുവിളി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി മെറ്റ രംഗത്തെത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, മെസഞ്ചർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനായി പ്രത്യേക ഉന്നതല ഗ്രൂപ്പിനെ രൂപീകരിക്കാനാണ് മെറ്റ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചിട്ടുണ്ട്.
മെറ്റയിലെ ചീഫ് പ്രോഡക്റ്റ് ഓഫീസറായ ക്രിസ് കോക്സിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് രൂപീകരിക്കുക. ഈ ഗ്രൂപ്പ് മെറ്റയിലെ വിവിധ ടീമുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതാണ്. മെറ്റയ്ക്ക് പുറമേ, ചാറ്റ്ജിപിടിക്ക് ബദൽ മാർഗം സൃഷ്ടിക്കാൻ ഇലോൺ മസ്ക് പദ്ധതിയിടുന്നുണ്ട്. ചാറ്റ്ജിപിടിയുടെ ഉടമകളായ ഓപ്പൺ എഐയുടെ സ്ഥാപക അംഗമായിരുന്നു ഇലോൺ മസ്ക്. എന്നാൽ, 2018- ൽ അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു.
Post Your Comments