ജീവശാസ്ത്രപരമായ പ്രക്രിയയാണ് പഠനം. കുട്ടികളിലെ ബൌദ്ധികവും സാമൂഹികവും ശാരീരികവുമായ കഴിവുകളെ വളര്‍ത്താന്‍ പഠനം കൂടിയേതീരൂ. സ്വമേധയായുള്ള പഠനം (അധ്യയനം), അധ്യാപകന്‍ പഠിപ്പിക്കുന്നത് (അധ്യാപനം), പാഠ്യവിഷയങ്ങള്‍ കൂട്ടുകാരുമായി ചര്‍ച്ചചെയ്യുക (തദ്വിദ്യസംഭാഷ) എന്നിങ്ങനെ പഠനപ്രക്രിയക്ക് മൂന്നു തലങ്ങളുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ശരിയായ പഠനത്തിന് അത് അനിവാര്യമാണ്. ഓരോ കുട്ടിയും ഓരോ തരത്തിലുള്ള സവിശേഷതകളുള്ളവരാകും. പഠനം, ഓര്‍മ, ബുദ്ധി തുടങ്ങിയ കഴിവുകളിലും ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഇവരില്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ കുട്ടികളെ പരസ്പരം താരതമ്യം ചെയ്യേണ്ട കാര്യമില്ല.
പഠനം മെച്ചപ്പെടുത്താനും, പഠിച്ചതെല്ലാം ഓർത്തെടുക്കാനും നല്ല ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. പഠനവുമായി ഏറ്റവും ബന്ധപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണമാണ്. ദീര്‍ഘനേരത്തെ ഉറക്കത്തിനുശേഷം കഴിക്കുന്ന ഈ ഭക്ഷണമാണ് കുട്ടികളെ സ്കൂളിലെ പ്രശ്നങ്ങള്‍ നേരിടാനും പഠിക്കാനും ശ്രദ്ധിക്കാനും ഓര്‍മിക്കാനും സഹായിക്കുന്നത്. ധാന്യങ്ങളും പയറും പഴങ്ങളും ഉള്‍പ്പെട്ടതാവണം പ്രഭാതഭക്ഷണം. പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ചെറുമത്സ്യങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എള്ള്, കപ്പലണ്ടി, നാടന്‍കോഴിയിറച്ചി, ആട്ടിറച്ചി, പാല്‍വിഭവങ്ങള്‍ ഇവയൊക്കെ ഉള്‍പ്പെട്ട ഭക്ഷണം ക്ഷീണത്തെ അകറ്റി പഠനം മികവുറ്റതാക്കും.
ശബ്ദവും മറ്റ് ശല്യങ്ങളും ഇല്ലാത്ത സ്ഥലമാണ് കുട്ടികള്‍ക്ക് പഠിക്കാന്‍ ഏറ്റവും അനുയോജ്യം. എന്നും ഒരേ സ്ഥലത്തിരുന്ന് പഠിക്കുന്നതും ഗുണംചെയ്യും. പഠിത്തത്തില്‍നിന്ന് ശ്രദ്ധ അകറ്റുന്ന സാധനങ്ങള്‍ മേശപ്പുറത്തുനിന്ന് മാറ്റുകയും വേണം. കിടന്നുവായിക്കരുത്. വായിച്ചാൽ പോരാ, എഴുതിയും പേടിക്കണം. തലച്ചോറിന്റെയും കൈകളുടെയും കാഴ്ചയുടെയും ഒക്കെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം നടക്കുന്നത് എഴുതുമ്പോഴാണ്. തലച്ചോറിനെ കൂടുതല്‍ ആഴത്തില്‍ മുഴുകാന്‍ ഇത് സഹായിക്കും. പറയുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും എഴുതിപ്പഠിക്കുമ്പോള്‍ തിരിച്ചറിയാം. മനസ്സില്‍ ഉറയ്ക്കാനും ദീര്‍ഘകാലം മറക്കാതിരിക്കാനും എഴുതിപ്പഠിക്കല്‍ ഗുണം ചെയ്യും.
വായിച്ചതും എഴുതിയതും മനസ്സിൽ ഓർത്തിരിക്കാൻ, ആവര്‍ത്തിച്ച് പഠിക്കുക. വായിച്ചത് അഞ്ചുമിനിറ്റിനുള്ളില്‍ ഓര്‍ത്തെടുക്കുക, രണ്ടു സെക്കന്‍ഡ് വിശ്രമിച്ചശേഷം അടുത്തഭാഗം പഠിക്കുക എന്നിവവഴി ആദ്യം പഠിച്ചത് ഓര്‍മയില്‍നിന്ന് നഷ്ടപ്പെടാതിരിക്കും. അന്നന്ന് പഠിച്ച കാര്യങ്ങളെല്ലാം ഉറങ്ങാന്‍കിടക്കുമ്പോള്‍ ഓരോന്നായ് ഓര്‍ക്കുക, രാത്രിയില്‍ നേരത്തെ കിടന്ന് അതിരാവിലെ പഠിക്കുന്നതും ഓര്‍മ കൂട്ടാറുണ്ട്.
Post Your Comments