മുംബൈ: മുംബൈയിൽ മലയാളിയായ ഇലക്ട്രിക്കൽ എൻജിനീയറെ കടലിൽ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. അപകടത്തിൽപ്പെടുന്നതിനു മണിക്കൂറുകൾക്കു മുമ്പു കുടുംബവുമായി ബന്ധപ്പെട്ട ഇനോസ് വർഗീസ് ജോലി പൂർത്തിയായെന്നും വൈകുന്നേരത്തോടെ മുംബൈയിൽ എത്തുമെന്നും അറിയിച്ചിരുന്നു. ജോലി പൂർത്തിയാക്കി ഗുജറാത്തിലെ വഡോദരയിലുള്ള കമ്പനിയിലേക്ക് പോകാനിരിക്കെയാണ് ഇനോസിനെ അപകടത്തിൽപ്പെട്ടു കാണാതാകുന്നത്.
ഇനോസിൻ്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ആണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയ്ക്കു ശേഷം മുംബൈയിലെ ഒൻജിസിയുടെ എണ്ണസംസ്കരണ പ്ലാറ്റ്ഫോമിൽ നിന്നും യുവാവിനെ കാണാതായെന്നാണ് കുടുംബത്തിനു ലഭിച്ച വിവരം.
ഇനോസ് കടലിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നാണ് സഹപ്രവർത്തകൻ ആരോപിക്കുന്നത്. തൻ്റെ ജീവൻ അപകടത്തിലാണെന്നു സൂചിപ്പിച്ചു ഇനോസ് വൈകുന്നേരം അഞ്ചിനും ഏഴിനും ഇടയിൽ സന്ദേശം അയച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
സംഭവത്തിൽ സൗത്ത് മുംബൈയിലെ യെല്ലോ ഗേറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. റിഗ്ഗിൽ അന്ന് ജോലിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴി രേഖപ്പെടുത്താൻ ഒരു സംഘത്തെ അയക്കുമെന്നു സീനിയർ ഇൻസ്പെക്ടർ സർല വാസവ് വ്യക്തമാക്കി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ തേടിയിട്ടുണ്ട്.
Post Your Comments