മഞ്ചേശ്വരം: വഞ്ചനാപരമായും ഒരു വിഭാഗത്തെ അവഗണിക്കുന്ന രീതിയിലുമാണ് മഞ്ചേശ്വരം എംഎൽഎ ഫണ്ട് വിനിയോഗം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതപരമായ വിവേചനമാണ് ഇവിടെയുള്ളതെന്നും മഞ്ചേശ്വരം മണ്ഡലത്തോടുള്ള എംഎൽഎയുടെ അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ എംഎൽഎ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ ഏത് മുക്കിലും മൂലയിലും മാലിന്യം നിറഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ജനങ്ങളുടെ വോട്ട് കിട്ടി വിജയിച്ചാൽ പിന്നെ അവർക്ക് വേണ്ടി ഒന്നും ചെയ്യേണ്ടെന്ന ധിക്കാരവും ധാർഷ്ട്യവുമാണ് ഇവിടുത്തെ ജനപ്രതിനിധികൾക്കുള്ളത്. അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാൻ ഒന്നും ചെയ്യാത്ത എംഎൽഎയാണ് മഞ്ചേശ്വരത്തുള്ളത്. 25 ലക്ഷം ടൺ മാലിന്യമാണ് മഞ്ചേശ്വരത്ത് കുമിഞ്ഞുകൂടിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മാലിന്യനിർമ്മാർജനത്തിനോ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനോ ഇടപെടാത്ത എംഎൽഎ നരേന്ദ്രമോദി സർക്കാർ ദേശീയപാത വികസിപ്പിക്കുമ്പോൾ അതിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് പരിഹാസ്യനാവുകയാണ്. മണ്ഡലത്തിൽ അഞ്ച് സ്ഥലങ്ങളിൽ ദേശീയപാത അണ്ടർ പാസേജിന്റെ പ്രശ്‌നം വന്നപ്പോൾ പരിഹരിക്കാൻ എംഎൽഎയും എംപിയുമൊന്നുമില്ലായിരുന്നു. ബിജെപി പ്രവർത്തകർ കേന്ദ്രസർക്കാരിനോട് സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. യക്ഷഗാന കുലപതി പാർഥിസുബ്ബയുടെ പേരിൽ കുമ്പള മുജുംഗാവിൽ തുടങ്ങിയ യക്ഷഗാന പഠന കേന്ദ്രത്തിന്റെ അവസ്ഥ ശോചനീയമാണ്. ജൽജീവൻ മിഷന്റെ ഭാഗമായി ആയിരക്കണക്കിന് കോടി രൂപ കേന്ദ്രസർക്കാർ കൊടുക്കുമ്പോൾ അത് മഞ്ചേശ്വരത്ത് നടപ്പാകുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമപെൻഷൻ മുടങ്ങാൻ പോവുകയാണ്. ഇന്ന് തന്നെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇനി മുതൽ പെൻഷൻ ലഭിക്കുകയുള്ളൂ. ഇല്ലാത്തവർക്ക് കുടിശ്ശിക ലഭിക്കില്ലെന്ന നിബന്ധന കൊണ്ട് വന്ന് പാവപ്പെട്ടവരെ വഞ്ചിക്കുകയാണ് സർക്കാർ. ഉദ്യോഗസ്ഥൻമാർ ഓഫീസിൽ വരാത്തതിനാൽ ജനങ്ങൾക്ക് വരുമാന സർട്ടിഫിക്കറ്റ് കിട്ടുന്നില്ല. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ നിയമസഭയിൽ പ്രതിപക്ഷം തയ്യാറാവുന്നില്ല. മഞ്ചേശ്വരം എംഎൽഎ ഇതുവരെ മണ്ഡലത്തിന് വേണ്ടി നിയമസഭയിൽ ഒരൊക്ഷരം മിണ്ടിയിട്ടില്ല. കെഎസ്ആർടിസി വിദ്യാർത്ഥികൾക്കുള്ള കൺസക്ഷൻ റദ്ദാക്കുകയാണ്. കർണാടക സർക്കാർ ആയിരം രൂപ വരെ കൺസക്ഷൻ കൊടുക്കുന്നു. നല്ലൊരു സ്‌കൂേളാ കോളേജോ ആശുപത്രിയോ മഞ്ചേശ്വരത്തില്ല. എല്ലാ കാര്യത്തിനും മംഗലാപുരത്ത് പോകണം. ഇന്ധനം നിറയ്ക്കാൻ വരെ കർണാടകത്തിലും മാഹിയിലും പോകേണ്ട ഗതികേടിലാണ് മലയാളികൾ. നാണമില്ലാത്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി : മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും പിഴയും
Post Your Comments