
കൊല്ലം: ചടയമംഗലത്ത് ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ചുറ്റിനും കൂടി നിന്നവരെ വിമർശിച്ച് ദൃക്സാക്ഷി. പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.30ന് ചടയമംഗലം നെട്ടേത്തറ എംസി റോഡിൽ ആണ് അപകടം നടന്നത്. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് ശിഖയും അഭിജിത്തും സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തിയത്. ശിഖ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടെങ്കിലും അഭിജിത്തിന് ജീവനുണ്ടായിരുന്നു.
അപകടത്തില്‍ റോഡിലേക്ക് വീണ അഭിജിത്തിന് ആ സമയത്ത് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ഇരുപതുമിനിറ്റോളം വൈകിയെന്ന് പ്രദേശവാസി കൂടിയായ ഉദയകുമാര്‍ പറഞ്ഞു. അപകടം കണ്ട് ഓടികൂടിയവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറായില്ല. ഇരുപത് മിനിറ്റ് മുന്‍പ് കൊണ്ടുപോയിരുന്നെങ്കില്‍ അഭിജിത്തിനെ രക്ഷിക്കാമായിരുന്നെന്ന് ഉദയകുമാര്‍ പറഞ്ഞു.
‘ഞാന്‍ 15 മീറ്റര്‍ അപ്പുറത്തുള്ള സുഹൃത്തിന്റെ കടയില്‍ പോയി സുഹൃത്തിനെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ നിവര്‍ത്തി കിടത്തിയത്. കിടത്തിയപ്പോള്‍ പയ്യന് ജീവനുണ്ട്. അങ്ങനെ ഇവിടെയുള്ള വണ്ടികള്‍ മൊത്തം കൈകാണിച്ചു. അവരാരും നിര്‍ത്തിയില്ല. ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞാണ് കൊണ്ടുപോകാനായത്. ആ ഇരുപത് മിനിറ്റ് മുന്‍പേ കൊണ്ടുപോയിരുന്നെങ്കില്‍ പയ്യനെ രക്ഷിക്കാമായിരുന്നു. എല്ലാവരും ചുറ്റിലുംനിന്ന് ഫോട്ടോയെടുക്കുകയല്ലാതെ ഒന്നും ചെയ്തില്ല. ഞാന്‍ പോയി ഒരാളെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ കൊണ്ടുപോകാനായത്’, ഉദയകുമാർ പറഞ്ഞു.
ഏകദേശം 20 മിനിട്ടിനു ശേഷം ഉദയകുമാർ എന്ന പ്രദേശവാസിയാണ് അപകടത്തിൽപ്പെട്ട അഭിജിത്തിന് സഹായവുമായി എത്തിയത്. തൻ്റെ സുഹൃത്തിനെ പോയി വിളിച്ചുകൊണ്ടുവന്ന് ആംബുലൻസിൽ കയറ്റി അഭിജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സമയം വെെകിപ്പോയിരുന്നു. പുനലൂർ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്.
Post Your Comments